ഇന്ത്യന്‍ വായ്പാ വിപണിയില്‍ വനിതാ മുന്നേറ്റമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്പുതിയ എല്‍പിജി വിതരണ ഫോര്‍മുലയുമായി കേന്ദ്രംഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ട

6,000 കോടി കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി മൂല്യം

കൊച്ചി: പശ്ചിമേഷ്യ യുദ്ധഭരിതമായിട്ടും കാപ്പി കയറ്റുമതിയിലെ ഇടിവ് ഒഴിവാക്കി ഇന്ത്യ. കോഫി ബോർഡിന്റെ കണക്കുകൾ പ്രകാരം 2026 ജനുവരി ഒന്നാംതീയതി മുതൽ ഏപ്രിൽ രണ്ടുവരെ 1.31 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

കഴിഞ്ഞവർഷം ഇതേ കാലയളവിലെ 1.07 ലക്ഷം ടൺ കാപ്പിയുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിലധികമാണ് വർധന. കയറ്റുമതിയുടെ മൂല്യമാകട്ടെ 4,998.72 കോടി രൂപയിൽ നിന്ന് 6,009.43 കോടി രൂപയായി ഉയർന്നു.

യൂറോപ്യൻ യൂണിയൻ കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാന കാപ്പി വിപണിയാണ് പശ്ചിമേഷ്യ. യു.എസ്., ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായിട്ടും കാപ്പി കയറ്റുമതിയിൽ ഇടിവ് പ്രകടമായിട്ടില്ല. എന്നാൽ യുദ്ധം അസംസ്കൃത എണ്ണവില, ചരക്കുകൂലി, വളംലഭ്യത എന്നിവയെ ബാധിക്കുന്നതിനാൽ ഉത്പാദന മേഖലയെയും വിതരണശൃംഖലയെയും പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

മുന്നിൽ ഇറ്റലി
പതിവുപോലെ ഇറ്റലിയിലേക്കാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ കാപ്പി കയറ്റുമതി ചെയ്തത്. 24523.301 ടൺ. ജർമനി (11,625 ടൺ), റഷ്യ (10,761 ടൺ), ബെൽജിയം (6,269 ടൺ) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.

പശ്ചിമേഷ്യൻ രാജ്യമായ തുർക്കി അഞ്ചാം (5,235 ടൺ) സ്ഥാനത്തുണ്ട്. ജനുവരി മുതൽ ഏപ്രിൽ രണ്ട്‌ വരെ പശ്ചിമേഷ്യൻ രാജ്യങ്ങളായ തുർക്കി, യു.എ.ഇ., ജോർദാൻ, ലിബിയ, ഈജിപ്ത്‌, കുവൈത്ത്‌, സൗദി എന്നീ രാജ്യങ്ങളിലേക്കുള്ള ആകെ കാപ്പി കയറ്റുമതി 23,918 ടണ്ണാണ്. മുൻവർഷം ഇതേകാലയളവിൽ അത് 22,754 ടണ്ണായിരുന്നു.

കയറ്റുമതി
പശ്ചിമേഷ്യൻ യുദ്ധംമൂലം കാപ്പി കയറ്റുമതി എത്രത്തോളം ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് വരുംമാസങ്ങളിലായിരിക്കും കൃത്യമായ ചിത്രം ലഭിക്കുകയെന്ന് കേരളത്തിലെ കാപ്പി കർഷകർ പറയുന്നു. വിലയിൽ വലിയ അന്തരം നിലവിലില്ലെങ്കിലും ഒരുമാസമായി കയറ്റുമതിക്കാർ കാര്യമായി കാപ്പി വാങ്ങുന്നില്ല എന്നാണ് വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

തങ്ങളുടെ കൈവശം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നാണ് കയറ്റുമതിക്കാർ അറിയിക്കുന്നതെന്ന് കോഫി ബോർഡ് മുൻ വൈസ് ചെയർമാനും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ അംഗവുമായ എം.ആർ. ഗണേഷ് പറഞ്ഞു.

വരാനിരിക്കുന്ന സീസണിൽ പ്രധാന കാപ്പി ഉത്പാദക രാജ്യമായ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റെക്കോഡ്‌ വിളവെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ കാപ്പിയുടെ അന്താരാഷ്ട്ര വില ഇനിയും കുറയാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top