മുംബൈ: 2022ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1.81 ലക്ഷം കോടി രൂപ പിന്‍വലിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത് രണ്ട് ലക്ഷം കോടി രൂപ. ഒരു വര്‍ഷം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് ഇത്. ഓഹരി വിപണിയിലെ തിരുത്തലില്‍ ലഭിച്ച അവസരങ്ങള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തിയപ്പോഴാണ് നിക്ഷേപത്തില്‍ പുതിയ റെക്കോഡ് കുറിക്കപ്പെട്ടത്. ഇനിയും ആറര മാസം കൂടി ശേഷിക്കെയാണ് ഒരു വര്‍ഷം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപം എന്ന റെക്കോഡ് സൃഷ്‌ടിക്കപ്പെട്ടത്.
തുടര്‍ച്ചയായി പതിനാറാമത്തെ മാസമാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റ നിക്ഷേപകരായി തുടരുന്നത്. അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റവില്‍പ്പന തുടരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റവില്‍പ്പന നടത്തികൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് ആഭ്യന്തര നിക്ഷേപകര്‍ ഓഹരി വിപണിയില്‍ ഒരു ലക്ഷം കോടി രൂപയിലേറെ നിക്ഷേപിക്കുന്നത് 2018ലാണ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര നിക്ഷേപകര്‍ 98,275 കോടി രൂപയാണ് നിക്ഷേപിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ധാരാളമായി ചെറുകിട നിക്ഷേപകരും ഉയര്‍ന്ന ആസ്‌തിയുള്ള നിക്ഷേപകരും ഓഹരി നിക്ഷേപം ആരംഭിച്ചതാണ് വിപണിയിലെ തിരുത്തലിനിടയിലും ഇത്ര ഗണ്യമായ നിക്ഷേപ പ്രവാഹം ഉണ്ടാകുന്നതിന് കാരണം. അതേ സമയം പലിശനിരക്കുകള്‍ ഉയരുന്നത് ഓഹരി വിപണിയിലേക്കുള്ള നിക്ഷേപത്തിന്റെ ഒരു ചെറിയ പങ്ക് കുറയാനുള്ള സാധ്യതക്ക് വഴിയൊരുക്കുന്നു. നിലവില്‍ ഇന്ത്യക്കാരുടെ ഓഹരി നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 4.80 ശതമാനമാണ്. 53 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ കുടുംബങ്ങള്‍ ഓരോ വര്‍ഷവും സമ്പാദിക്കുന്നത്. ഇതില്‍ 2.52 ലക്ഷം കോടി രൂപ ഓഹരി വിപണിയില്‍ നിക്ഷേപിക്കപ്പെടന്നു. ഇതില്‍ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ മാത്രം നിക്ഷേപിക്കപ്പെടുന്നത്. 1.44 ലക്ഷം കോടി രൂപയാണ്.