
മുംബൈ: വ്യാപാര സെഷനില്‍ ഉടനീളം പ്രകടമായ ചാഞ്ചാട്ടത്തിനൊടുവില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലെ അനിശ്ചിതാവസ്ഥയും വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു.
നിഫ്റ്റി 36.80 പോയിൻറ് (0.19 ശതമാനം) ഉയർന്ന് 19,443.50ലും സെൻസെക്സ് 33.21 പോയിന്‍റ് (0.051 ശതമാനം) ഉയർന്ന് 64,975.61ലും ക്ലോസ് ചെയ്തു.
ഏഷ്യൻ പെയിന്റ്സ്, ലാർസൻ ആൻഡ് ടൂബ്രോ, ടൈറ്റൻ കമ്പനി, ഐടിസി, മാരുതി സുസുക്കി ഇന്ത്യ എന്നിവയാണ് മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച പ്രധാന കമ്പനികള്‍. ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എൻടിപിസി, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര എന്നിവയാണ് വലിയ ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍.
ഐടി, ബാങ്ക് എന്നിവ ഒഴികെയുള്ള മേഖലകളെല്ലാം നേട്ടത്തിലായിരുന്നു. റിയൽറ്റി, ഓയിൽ&ഗ്യാസ്, ഹെൽത്ത് കെയർ, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 1 ശതമാനം വീതവും ഓട്ടോ, എഫ്എംസിജി, ലോഹം എന്നിവ 0.5 ശതമാനം വീതവും ഉയർച്ച പ്രകടമാക്കി.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. സിയോള്‍ നേട്ടത്തിലായിരുന്നു.