
മുംബൈ: തുടര്‍ച്ചയായ ഏഴാം സെഷനിലും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കയാണ് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍. സെന്‍സെക്‌സ് 417.92 (0.70 ശതമാനം) ഉയര്‍ന്ന് 60,260.13 ലെവലിലും നിഫ്റ്റി 119 പോയിന്റ് (0.67 ശതമാനം) ഉയര്‍ന്ന് 17,944.30 ത്തിലും ക്ലോസ് ചെയ്തു. മൊത്തം 1941 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1401 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
119 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടരുന്നു. ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഹിറോ മോട്ടോര്‍കോര്‍പ്പ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓഹരികള്‍. അതേസമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, അള്‍ട്രാ ടെക് സിമന്റ് എന്നിവ നഷ്ടത്തിലായി.
വാഹനം ഒഴിച്ചുള്ള മേഖലകളെല്ലാം ഉയര്‍ച്ച വരിച്ചപ്പോള്‍ പൊതുമേഖല ബാങ്ക്, വിവരസാങ്കേതിക വിദ്യ ഓഹരികള്‍ 1-2 ശതമാനമാണ് നേട്ടം കൈവരിച്ചത്. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ അര ശതമാനം വീതം ശക്തിയാര്‍ജ്ജിച്ചു. വിദേശനിക്ഷേപകരുടെ സ്ഥിരമായ നിക്ഷേപമാണ് വിപണിയ്ക്ക് കരുത്താകുന്നതെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്താണ് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ചരക്ക്, എണ്ണവിലയിലെ കുറവും ഫെഡറല്‍ റിസര്‍വ് പണനയ യോഗത്തിന് മുന്നോടിയായി പാശ്ചാത്യവിപണികള്‍ ദുര്‍ബലമായതും മറ്റ് കാരണങ്ങളാണ്.






