
ന്യൂഡൽഹി: അയൽരാജ്യങ്ങളായ ചൈനയിൽനിന്നും പാകിസ്താനിൽനിന്നും നേരിടുന്ന ഭീഷണികൾ കണക്കിലെടുത്ത് പ്രത്യേക റോക്കറ്റ്-മിസൈൽ സേന (Rocket-missile force) രൂപീകരിക്കാനൊരുങ്ങുന്നു. ആധുനിക യുദ്ധമുഖത്ത് റോക്കറ്റുകൾക്കും മിസൈലുകൾക്കുമുള്ള പ്രാധാന്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സേന രാജ്യത്തിന്റെ അനിവാര്യതയാണെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ആർമി ഡേയിൽ വ്യക്തമാക്കി.
പാകിസ്താനും ചൈനയും ഇതിനകംതന്നെ ഇത്തരത്തിലുള്ള പ്രത്യേക സൈനിക വിഭാഗങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സും (PLARF), അതിനെ മാതൃകയാക്കി പാകിസ്താൻ രൂപീകരിച്ച ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡും (ARFC) ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാണ്.
യുദ്ധമുറകളിൽ മാറ്റം വരുന്ന കാലഘട്ടത്തിൽ റോക്കറ്റുകളും മിസൈലുകളും വലിയ പ്രാധാന്യം നേടുന്നുണ്ട്. ഇസ്രയേൽ- ഇറാൻ യുദ്ധം, യുക്രൈൻ- റഷ്യ യുദ്ധം എന്നീ സാഹചര്യങ്ങളിൽ മിസൈലുകളും റോക്കറ്റുകളും നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യൻ മിസൈലുകൾ പാകിസ്താനിൽ നാശംവിതച്ചു. മിസൈലുകളും ഡ്രോണുകളും ഉൾപ്പെടുന്ന ഹൈബ്രിഡ് യുദ്ധമുറകളാണ് ഇപ്പോൾ പ്രയോഗിക്കപ്പെടുന്നത്.
മിസൈലുകളും റോക്കറ്റുകളും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നതിനാൽ ഇവ രണ്ടും ഒരു കമാൻഡിന് കീഴിൽ കൊണ്ടുവരുന്നത് ഏകോപനം എളുപ്പമാക്കുമെന്നാണ് കരുതുന്നത്. അഗ്‌നി, ബ്രഹ്‌മോസ്, പൃഥ്വി, പ്രളയ് തുടങ്ങിയ വിവിധങ്ങളായ മിസൈലുകൾ നിലവിൽ ഇന്ത്യയ്ക്കുണ്ട്.
പരമ്പരാഗത ആയുധങ്ങളും ആണവ പോർമുനകളും വഹിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഇന്ത്യയ്ക്കുള്ളത്. സൂപ്പർസോണിക്, ഹൈപ്പർ സോണിക് മിസൈലുകൾ കൂടുതലായി ഇന്ത്യ വികസിപ്പിക്കുന്നുമുണ്ട്. കൂടാതെ, 120 കിലോമീറ്റർ ദൂരപരിധിയുള്ള പിനാക ഗൈഡഡ് റോക്കറ്റ് അടുത്തിടെ പരീക്ഷിച്ചിരുന്നു.
ഇറാനിലെ മിസൈൽ സേനയേപ്പോലെ ശക്തമായൊരു സംവിധാനം വികസിപ്പിക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ശത്രുക്കൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധം ഭൂഗർഭ തുരങ്കങ്ങളിൽ മിസൈലുകൾ സൂക്ഷിക്കുന്നതാണ് ഇറാന്റെ രീതി.
ആണവ പ്രത്യാക്രമണം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഏകോപിതമായ ഒരു മിസൈൽ സേന അത്യാവശ്യമായി വരും. നിലവിൽ 180-ലധികം ആണവ പോർമുനകൾ കൈവശം വച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ.
മിസൈലുകളുടെ ഗുണനിലവാരത്തിലും പ്രഹരപരിധിയിലും കൃത്യതയിലും പാകിസ്താനേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ. എങ്കിലും ഓപ്പറേഷൻ സിന്ദൂറിന് ശേഷം ദീർഘദൂര ആക്രമണ ശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പുതിയ സേനാവിഭാഗം രൂപീകരിക്കുന്നതിനേപ്പറ്റിയുള്ള ചർച്ചകൾ തുടങ്ങുന്നത്.






