
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം നാലിരട്ടിയിലധികം വര്‍ധിച്ച് 60 ബില്യണ്‍ ഡോളറിലെത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മോസ്‌കോയില്‍ നടന്ന ഇന്ത്യ-റഷ്യ ഇന്റര്‍-ഗവണ്‍മെന്റല്‍ കമ്മീഷന്‍ യോഗത്തിലാണ് അദ്ദേഹം ഈ നേട്ടം പങ്കുവെച്ചത്. 2021-22 ലെ 13 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഈ വന്‍ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.
വ്യാപാര വളര്‍ച്ചയ്ക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മിയിലും കുത്തനെ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ വ്യാപാര കമ്മി 6.6 ബില്യണ്‍ ഡോളറില്‍ നിന്ന് 50 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ന്നു. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നതാണ് നിലവിലെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനയെന്ന് എസ്. ജയശങ്കര്‍ വ്യക്തമാക്കി.
ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും, 2030-ഓടെ 100 ബില്യണ്‍ ഡോളര്‍ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ശക്തമായ നടപടികള്‍ അനിവാര്യമാണ്. കൂടുതല്‍ വിപണി പ്രവേശനം, താരിഫ് തടസ്സങ്ങള്‍ നീക്കല്‍, ശക്തമായ പേയ്മെന്റ് സംവിധാനങ്ങള്‍, ബിസിനസ്സ് പങ്കാളിത്തം എന്നിവ ഇതിനായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഊര്‍ജ്ജം, ആണവ സഹകരണം, ബഹിരാകാശം, റെയില്‍വേ, വളങ്ങള്‍, കണക്റ്റിവിറ്റി തുടങ്ങിയ വിശാലമായ മേഖലകളില്‍ ഇന്ത്യ-റഷ്യ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുന്നുണ്ട്. സങ്കീര്‍ണ്ണമായ ആഗോള സാഹചര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മികച്ച പ്രതിരോധശേഷിയാണ് പ്രകടിപ്പിക്കുന്നതെന്നും മന്ത്രി വിലയിരുത്തി.






