
ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) നിർമിക്കാൻ തയ്യാറാകുന്ന കമ്പനികൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.
ടെസ്‌ല പോലുള്ള കമ്പനികൾ ഇന്ത്യയിൽ ഉൽപ്പാദനത്തിനും നിക്ഷേപത്തിനും തയ്യാറായാൽ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം, ചില ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ലഭ്യമാകുന്ന വിവരം അനുസരിച്ച്, കമ്പനികൾക്ക് നിർമ്മാണം ആരംഭിക്കുന്നത് വരെ, അത്തരം ഇളവുകൾ ഒരു പരിമിത കാലത്തേക്ക് അനുവദിച്ചു നൽകും. എന്നാൽ, ഇതുവരെ ഇതിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല, അത്തരത്തിലുള്ള നയപരമായ മാറ്റമുണ്ടായാൽ അത് എല്ലാ ഇവി കമ്പനികൾക്കും ബന്ധകമാകും.
EV ഭീമൻ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കുന്നത് വരെ ഡ്യൂട്ടി ഇളവുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണ്.
ടെസ്‌ല സിഇഒ എലോൺ മസ്‌ക് ജൂണിൽ യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്‌ല “എത്രയും വേഗം” ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്‌ക് പറഞ്ഞിരുന്നു.
ഫെയിം, പിഎൽഐ സ്കീമുകളിലൂടെ സൃഷ്ടിക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പ്രാദേശിക വിതരണ ശൃംഖലയും ആവാസവ്യവസ്ഥയും കമ്പനിക്ക് പ്രയോജനപ്പെടുത്താമെന്ന് സർക്കാർ ടെസ്‌ലയെ അറിയിച്ചിട്ടുണ്ട്.
50,000 കോടി രൂപ അടങ്കലുള്ള ഫെയിം പദ്ധതിയുടെ മൂന്നാം ഘട്ടവും സർക്കാർ പരിഗണിക്കുന്നുണ്ട്.






