
ന്യൂഡൽഹി: ബംഗ്ലാദേശില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബ്ലീച്ച് ചെയ്തതും അല്ലാത്തതുമായ ചണം തുണിത്തരങ്ങള്‍, കയറുകള്‍, ചണ നൂലുകള്‍, ചാക്കുകള്‍ തുടങ്ങിയവ കര അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം പുറത്തിറക്കി.
ഇനി മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ നവ ഷേവ തുറമുഖം വഴി മാത്രമേ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ. പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഒരു തുറമുഖം വഴിയും ചണം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ല. നവ ഷേവ തുറമുഖം വഴി മാത്രമേ ഇറക്കുമതി അനുവദിക്കൂ.
ഈ വര്‍ഷം ആദ്യം ബംഗ്ലാദേശില്‍ നിന്ന് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു. ബംഗ്ലാദേശിന്റെ വ്യാപാര നയങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണമായാണ് പുതിയ നിയന്ത്രണങ്ങളെ വിദഗ്ദ്ധര്‍ കാണുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബംഗ്ലാദേശ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.
മെയ് മാസത്തില്‍, ബംഗ്ലാദേശില്‍ നിന്നുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കൊല്‍ക്കത്ത, നവ ഷേവ തുറമുഖങ്ങള്‍ വഴി മാത്രമേ ഇറക്കുമതി ചെയ്യാന്‍ കഴിയൂ എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കരമാര്‍ഗ്ഗം വഴിയുള്ള ചരക്ക് ഗതാഗതം അനുവദിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.
ബംഗ്ലാദേശിന്റെ വ്യാപാര നയങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാവസായിക മേഖലകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു. കൂടാതെ, ബംഗ്ലാദേശ് വഴി ചരക്ക് കൊണ്ടുപോകുന്നതിനുള്ള ഉയര്‍ന്ന ട്രാന്‍സിറ്റ് ചാര്‍ജ്ജ് ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിരുന്നു.
ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴി മൂന്നാമതൊരു രാജ്യത്തേക്ക് അയയ്ക്കുന്നതിനുള്ള അഞ്ച് വര്‍ഷം പഴക്കമുള്ള കരാര്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍ വരുന്നത്.
ബംഗ്ലാദേശിന്റെ ഉയര്‍ന്ന ട്രാന്‍സിറ്റ് ചാര്‍ജ്ജും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളായ അരി, പരുത്തി, നൂല്‍ എന്നിവയ്ക്ക് ബംഗ്ലാദേശ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വ്യാപാര തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാര ഭ്രഷ്ടയായ ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരബന്ധം വഷളായിരിക്കുകയാണ്.