
ഇസ്ലാമബാദ്: പാകിസ്താന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ അനുവദിച്ച 700 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തിയ രീതിയെ അംഗീകരിച്ച് ഇന്റർനാഷണല്‍ മോണെറ്ററി ഫണ്ട്(IMF).
ഞായറാഴ്ച സസ്റ്റെയ്നബിള്‍ ഡെവലപ്മെൻറ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഇസ്ലാമാബാദില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഐഎംഎഫിന്റെ പാകിസ്താൻ പ്രതിനിധി മഹിർ ബിനിസി ആദ്യഘട്ട അവലോകനം പങ്കുവെച്ചത്.
2024 ജൂലൈയില്‍ ഐഎംഎഫ് അംഗീകരിച്ച മൂന്നു വർഷത്തേക്കുള്ള എക്സ്റ്റൻഡഡ് ഫണ്ടിംഗ് ഫെസിലിറ്റി (EFF) പദ്ധതിയുടെ ആദ്യ അവലോകനം 2025 മേയില്‍ ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി.
ഇതിനോടൊപ്പം 130 കോടി ഡോളറിന്റെ റെസിലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഫെസിലിറ്റി( RSF) ഫണ്ട് പ്രയോജനപ്പെടുത്തി പാകിസ്താൻ കാലാവസ്ഥ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെയും ബിനിസി പ്രശംസിച്ചു.
EFF പദ്ധതി പ്രകാരം സാമ്പത്തികമേഖലയ്ക്ക് ശക്തമായ അടിത്തറയുണ്ടാക്കുകയും രാജ്യത്തെ സാമ്ബത്തികമായി ഏകോപിപ്പിപ്പിക്കുകയും ചെയ്യുകയെന്നതാണ് ആദ്യഘട്ട ലക്ഷ്യങ്ങള്‍. ഇതില്‍ പാകിസ്താൻ മുന്നേറ്റമുണ്ടാക്കിയെന്നാണ് ഐഎംഫിന്റെ ആദ്യഘട്ട അവലോകനത്തില്‍ പറയുന്നത്.
പുറത്തുവന്ന അവലോകന റിപ്പോർട്ട് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ പാകിസ്താനെ സഹായിക്കുമെന്നും അടുത്ത ഘട്ടവായ്പാ പദ്ധതികള്‍ക്കു വഴിയൊരുക്കുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.