
ന്യൂഡൽഹി: 2026 ജൂലൈയിൽ ഇന്ത്യൻ റെയിൽവേ 141.3 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 129.7 ദശലക്ഷം ടൺ ആയിരുന്നു. 9 ശതമാനം വളർച്ചയാണ് ഈ വർഷം രേഖപ്പെടുത്തിയത്. സമ്പദ്‌വ്യവസ്ഥയുടെ നിർണ്ണായക മേഖലകളിലുടനീളമുള്ള സ്ഥിരതയാർന്ന ആവശ്യകതയും ലോജിസ്റ്റിക്സും പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളും ശക്തമായ ഈ പ്രകടനത്തിലൂടെ പ്രതിഫലിക്കുന്നു.
പ്രധാനപ്പെട്ട ചരക്കുകൾ ഉയർന്ന അളവിൽ റെയിൽ മുഖേന കൊണ്ടുപോകുന്നത് വ്യവസായങ്ങൾ, കൃഷി, രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നു.
2025 ജൂലൈ മാസത്തെ അപേക്ഷിച്ച് 2026 ജൂലൈയിൽ പ്രധാന ചരക്കുകളുടെ നീക്കത്തിൽ ഇന്ത്യൻ റെയിൽവേ പ്രധാന പങ്ക് വഹിച്ചു. ഇരുമ്പയിര് 22.2%, കൽക്കരി 11.5%, ഭക്ഷ്യധാന്യങ്ങൾ 11.5%, വളങ്ങൾ 12%, മറ്റ് വസ്തുക്കൾ 12.1% എന്നിങ്ങനെ വർദ്ധന രേഖപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങൾ, ഉത്പാദനം, കാർഷികം അടക്കമുള്ള മേഖലകളിലെ ശക്തമായ ആവശ്യകതയാണ് ഈ വർദ്ധനവ് വെളിവാക്കുന്നത്. താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ആവശ്യകത വർദ്ധിച്ചതോടെ, ഇന്ത്യൻ റെയിൽവേ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ വൈദ്യുതി നിലയങ്ങളിലേക്കുള്ള ആഭ്യന്തര കൽക്കരി വിതരണം 20% വർദ്ധിപ്പിച്ചു.
ചരക്ക് വരുമാനം ഉയർന്ന നിലയിൽ തുടരുന്നു
ചരക്ക് നീക്കത്തിലെ വർദ്ധനവ് 2025 ജൂലൈയെ അപേക്ഷിച്ച് ₹1,137 കോടിയുടെ ചരക്ക് വരുമാന വർദ്ധനവിന് കാരണമായി. 8 ശതമാനം വളർച്ചയാണ് ഇത് രേഖപ്പെടുത്തിയത്. റെയിൽവേ സോണുകളിൽ, ഈസ്റ്റ് സെൻട്രൽ റെയിൽവേ (33%), ഈസ്റ്റേൺ റെയിൽവേ (33%), വെസ്റ്റ് സെൻട്രൽ റെയിൽവേ (23%), സൗത്ത് ഈസ്റ്റേൺ റെയിൽവേ (10.33%) എന്നിവ ചരക്ക് വരുമാനത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ്, റെയിൽ കണക്റ്റിവിറ്റിയും റെയിൽവേ സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചന
2026 ജൂലൈയിൽ ഇന്ത്യൻ റെയിൽവേ 63.35 കോടി യാത്രക്കാരെ വഹിച്ചു, 2025 ജൂലൈയിൽ ഇത് 62.19 കോടിയായിരുന്നു. ഇത് രാജ്യത്തുടനീളമുള്ള സബർബൻ, ദീർഘദൂര സർവീസുകളിൽ കൂടുതൽ ജനങ്ങൾ ട്രെയിൻ യാത്ര തിരഞ്ഞെടുത്തതായി കാണിക്കുന്നു.
ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും, ആധുനിക റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണ്.
കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും, ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും, ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും, ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും, ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സുഗമവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കുന്നതിലും ഇന്ത്യൻ റെയിൽവേ സുപ്രധാന പങ്ക് വഹിക്കുന്നു.






