
മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ വെല്ലുവിളികൾക്കിടയിലും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻ്റെ (എച്ച്പിസിഎൽ) പ്രവർത്തന വരുമാനം 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ (ഏപ്രിൽ–ജൂൺ) 1,45,126 കോടി രൂപയായി ഉയർന്നു. റിഫൈനിംഗ്, വിപണന മേഖലകളിലെ മികച്ച പ്രകടനമാണ് കമ്പനിക്ക് തുണയായത്.
അതേസമയം, ഈ കാലയളവിൽ കമ്പനി 11,526 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.
കമ്പനിയുടെ ഗ്രോസ് റിഫൈനിംഗ് മാർജിൻ ബാരലിന് 23.80 ഡോളറായി ഉയർന്നു. മുൻവർഷം ഇത് 3.08 ഡോളറായിരുന്നു. പാദത്തിൽ എച്ച്പിസിഎൽ റിഫൈനറികൾ 6.52 മില്യൺ മെട്രിക് ടൺ ക്രൂഡ് പ്രോസസ് ചെയ്ത് ശേഷിയുടെ 107 ശതമാനം വിനിയോഗം രേഖപ്പെടുത്തി.
എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൻ്റെ വാണിജ്യ പ്രവർത്തനം ജൂൺ 22ന് ആരംഭിച്ചതായും കമ്പനി അറിയിച്ചു. നിലവിൽ രാജ്യത്ത് 25,160 റീട്ടെയിൽ ഔട്ട്ലെറ്റുകളും 6,391 എൽപിജി വിതരണ കേന്ദ്രങ്ങളും എച്ച്പിസിഎല്ലിനുണ്ട്.
പുനരുപയോഗ ഊർജ മേഖലയിലായി 23,928 റീട്ടെയിൽ ഔട്ട്ലെറ്റുകൾ സൗരോർജ സംവിധാനത്തിലേക്ക് മാറ്റിയതായും, 5,806 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായും കമ്പനി അറിയിച്ചു.






