
ടാറ്റാ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ എണ്ണം 29ല്‍ നിന്ന് 15 ആയി ചുരുക്കാനുള്ള പദ്ധതിയുമായാണ് ടാറ്റാ സണ്‍സ് മുന്നോട്ടുപോകുന്നത്. 2022ല്‍ ഈ ലിസ്റ്റഡ് ഓഹരികള്‍ സമ്മിശ്രമായ പ്രകടനമാണ് കാഴ്‌ച വെച്ചത്. മറ്റ് മൂന്ന് മെറ്റല്‍ കമ്പനികള്‍ക്കൊപ്പം ടാറ്റാ സ്റ്റീലില്‍ ലയിക്കാനിരിക്കുന്ന ടിആര്‍എഫ് ആണ് ടാറ്റാ ഗ്രൂപ്പിലെ ഈ വര്‍ഷം ഇരട്ടിയിലേറെ നേട്ടം നല്‍കിയ ഏക ഓഹരി. ഈ ഓഹരി ഈ വര്‍ഷം 150 ശതമാനമാണ് ഉയര്‍ന്നത്.
ഐഎച്ച്‌സിഎല്‍ 81 ശതമാനവും ഓറിയന്റ് ഹോട്ടല്‍ 88 ശതമാനവും ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ 79 ശതമാനവും ഉയര്‍ന്നു. അതേ സമയം ടാറ്റാ ടെലിസര്‍വീസസ് 46 ശതമാനവും ഓട്ടോമോട്ടീവ് സ്റ്റാര്‍ 34 ശതമാനവും വോള്‍ട്ടാസ് 26 ശതമാനവും ഇടിവ് നേരിട്ടു. വെള്ളിയാഴ്‌ച ടാറ്റാ സ്റ്റീലുമായുള്ള ലയനം പ്രഖ്യാപിച്ചതിനു ശേഷം ടിആര്‍എഫിന്റെ ഓഹരി വില തുടര്‍ച്ചയായി അഞ്ച് ശതമാനം വീതം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലെത്തുകയാണ് ചെയ്യുന്നത്.
ടാറ്റാ സ്റ്റീല്‍ ലോംഗ് പ്രൊഡക്‌ട്‌സ്, ടാറ്റാ മെറ്റാലിക്‌സ്, ദി ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടിആര്‍എഫ്, ഇന്ത്യന്‍ സ്റ്റീല്‍ & വയര്‍ പ്രൊഡക്‌ട്‌സ്, ടാറ്റാ സ്റ്റീല്‍ മൈനിംഗ്, എസ്&ടി മൈനിംഗ് എന്നീ കമ്പനികളെയാണ് ടാറ്റാ സ്റ്റീലില്‍ ലയിപ്പിക്കുന്നത്. ഇതില്‍ ടിആര്‍എഫ് ഒഴികെയുള്ള കമ്പനികള്‍ക്ക് ലയനം ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐടി മേഖലയില്‍ ടാറ്റാ ഗ്രൂപ്പിന് രണ്ട് ലിസ്റ്റഡ് കമ്പനികളാണുള്ളത്-ടിസിഎസും ടാറ്റാ എല്‍ക്‌സിയും. ഈ വര്‍ഷം ടിസിഎസിന്റെ ഓഹരി വില 20 ശതമാനം ഇടിഞ്ഞപ്പോള്‍ ടാറ്റാ എല്‍ക്‌സി 50 ശതമാനമാണ് ഉയര്‍ന്നത്. 2022ല്‍ ടാറ്റാ കെമിക്കല്‍സ് 29 ശതമാനവും ടൈറ്റാന്‍ 6 ശതമാനവും ടാറ്റാ പവര്‍ 1.67 ശതമാനവും നേട്ടം നല്‍കിയപ്പോള്‍ ടാറ്റാ മോട്ടോഴ്‌സ് 12.29 ശതമാനവും ടാറ്റാ സ്റ്റീല്‍ 6.21 ശതമാനവും നഷ്‌ടമാണ് രേഖപ്പെടുത്തിയത്.
12,800 കോടി ഡോളര്‍ വരുമാനവും 25,500 കോടി ഡോളര്‍ വിപണിമൂല്യവുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഘടന ലളിതമാക്കാനും സമാന സ്വഭാവമുള്ള ബിസിനസുകള്‍ ഏകീകരിക്കാനുമാണ് നീക്കം. വലിയ കമ്പനികളുടെ കാഷ് ഫ്‌ളോ മെച്ചപ്പെടുത്താനും ഈ നീക്കം ഉപകരിക്കും. ടാറ്റാ ഗ്രൂപ്പിന്റെ ഭാവി വളര്‍ച്ച മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ലയന നീക്കം.
ചെറിയ കമ്പനികള്‍ മാനേജ് ചെയ്യുന്നതില്‍ ഒട്ടേറെ സമയം ചെലവിടുന്നത് കുറയ്‌ക്കാനും ഇതുകൊണ്ട് കഴിയും. നിലവില്‍ 29 ലിസ്റ്റഡ് കമ്പനികള്‍ക്കു പുറമെ ടാറ്റാ ഗ്രൂപ്പിന് നിലവില്‍ 60 ലിസ്റ്റ് ചെയ്യാത്ത കമ്പനികളും നൂറു കണക്കിന് സബ്‌സിഡറികളുമുണ്ട്.






