
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഡാറ്റാ സെന്ററുകള്‍, എഐ, റോബോട്ടിക്സ് എന്നിവയുടെ സാധ്യതകള്‍ വിദഗ്ധര്‍ പരിശോധിച്ചു. ഇന്ത്യയുടെ സേവന കയറ്റുമതി വൈവിധ്യവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു.
ആഗോള വ്യാപാര അസ്ഥിരതയില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ഡിജിറ്റല്‍, സാമ്പത്തിക, വിജ്ഞാനാധിഷ്ഠിത സേവനങ്ങള്‍ സഹായകരമാകും.
വിദഗ്ധരുടെ ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍, വരാനിരിക്കുന്ന ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എഐ, റോബോട്ടിക്സ് എന്നിവയിലായിരിക്കും. ഇത് സാങ്കേതികവിദ്യയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കും. മാത്രമല്ല, ഭാവിയിലെ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനക്ഷമതയ്ക്കും മത്സരക്ഷമതയ്ക്കും അടിത്തറയായും മാറും.
നിലവിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കും മറ്റ് സമാന പ്രശ്‌നങ്ങള്‍ക്കുമിടയില്‍ സേവന കയറ്റുമതി സഹായകരമാവും. വികസിത സമ്പദ്വ്യവസ്ഥകളിലെ ഡിമാന്‍ഡ് കുറയല്‍ പോലുള്ള വിഷയങ്ങളെ മയപ്പെടുത്തുന്നതിന് സാങ്കേതിക മേഖല നല്‍കിയ പിന്തുണ ചെറുതല്ല.
എന്നാല്‍ അടുത്ത ഘട്ട പ്രതിരോധം സാധ്യമാകണമെങ്കില്‍ മേഖലയുടെ ശൃംഖല ഉയര്‍ത്തേണ്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍, എഐ അധിഷ്ഠിത പരിഹാരങ്ങള്‍, എന്നിവ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ആഗോള സ്ഥാപനങ്ങള്‍, സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തേടുമ്പോള്‍, ക്ലൗഡ് സേവനങ്ങള്‍, എഐ മോഡല്‍ പരിശീലനം, ഓട്ടോമേഷന്‍-അധിഷ്ഠിത പരിഹാരങ്ങള്‍ എന്നിവയുടെ കേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്കാകണം. ഇത് ചെറിയ കയറ്റുമതി വിപണികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പെട്ടെന്നുള്ള ആഗോള വ്യാപാര തടസ്സങ്ങളില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യും.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഡാറ്റാ സെന്ററുകള്‍. ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ പ്രോസസ്സിംഗ്, ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍, ഇ-ഗവേണന്‍സ്, ഉയര്‍ന്നുവരുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ ഇതിലൂടെ സാധ്യമാകുന്നു.
ഡിജിറ്റല്‍ പേയ്മെന്റുകള്‍, സ്ട്രീമിംഗ്, ഇ-കൊമേഴ്സ്, എഐ ആപ്ലിക്കേഷനുകളുടെ ദ്രുതഗതിയിലുള്ള സ്വീകാര്യത എന്നിവയാല്‍ ഇന്ത്യയുടെ ഡാറ്റ ഉപഭോഗം ക്രമാതീതമായി വളരുകയാണ്. എങ്കിലും, ആഭ്യന്തര ഡാറ്റാ സെന്റര്‍ ശേഷി ഇപ്പോഴും ഡിമാന്‍ഡിനേക്കാള്‍ പിന്നിലാണ്.
സാമ്പത്തിക പ്രോത്സാഹനം, യുക്തിസഹമായ വൈദ്യുതി താരിഫുകള്‍, എളുപ്പത്തിലുള്ള ഭൂമി ലഭ്യത, വേഗത്തിലുള്ള അംഗീകാരങ്ങള്‍ എന്നിവ ഈ മേഖലയിലെ നിക്ഷേപം ത്വരിതപ്പെടുത്തും.






