
ന്യൂഡൽഹി: സ്വര്‍ണ്ണ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ മൂന്ന് മാസത്തിനിടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപയുടെ അധിക വരുമാനം. മെയ് 13ന് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സ്വര്‍ണത്തില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.
മെയ് 13 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള കാലയളവിലാണ് സ്വര്‍ണ ഇറക്കുമതിയിലൂടെ 10,040 കോടി രൂപയുടെ വരുമാനം ലഭിച്ചത്. ഇതിന് പുറമെ വെള്ളി ഇറക്കുമതിയില്‍ നിന്ന് 328 കോടി രൂപയും പ്ലാറ്റിനം ഇറക്കുമതിയില്‍ നിന്ന് 95 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചു. ഇതോടെ ഈ കാലയളവില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിയില്‍ നിന്നുള്ള ആകെ വരുമാനം 10,463 കോടി രൂപയായി.
കേന്ദ്രത്തിന്റെ കസ്റ്റംസ് വരുമാനത്തില്‍ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതിക്കുള്ള നികുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. മെയ്-ജൂണ്‍ മാസങ്ങളില്‍ കേന്ദ്രത്തിന്റെ ആകെ കസ്റ്റംസ് തീരുവ വരുമാനം 40,317 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 42 ശതമാനം വര്‍ധനയാണ്.
മെയ് 13ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കേന്ദ്രം ഉയര്‍ത്തിയത്. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് ഒരു ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായും വര്‍ധിപ്പിച്ചു. ഇതോടെ ഇവയുടെ ആകെ ഇറക്കുമതി തീരുവ 15 ശതമാനമായി.
പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവയും 6.4 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായി ഉയര്‍ത്തി. സ്വര്‍ണം, വെള്ളി എന്നിവയുടെ ആഭരണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചെറിയ ഘടകങ്ങളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനമായും പ്ലാറ്റിനം ഘടകങ്ങളുടേത് 5.4 ശതമാനമായും വര്‍ധിപ്പിച്ചു.






