
കൊച്ചി: ഇൻസ്റ്റന്റ് ബേവറേജ് നിർമാതാക്കളായ രസ്ന, ഹെർഷേയ്‌സ് ഇന്ത്യയിയുടെ റെഡി-ടു-ഡ്രിങ്ക് പാനീയ ബ്രാൻഡായ ജംപിനെ ഏറ്റെടുത്തു. റെഡി-ടു-ഡ്രിങ്ക് (ആർടിഡി) വിപണി വിഭാഗത്തിലേക്കുള്ള രസ്‌നയുടെ പ്രവേശനമാണ് ഈ ഏറ്റെടുക്കൽ. ഏറ്റെടുക്കലിലൂടെ 1,000 കോടി രൂപ വരുമാനം കൈവരിക്കാനാണ് രസ്ന ലക്ഷ്യമിടുന്നത്. 350 കോടി രൂപ വിലമതിക്കുന്ന ജംപിൻ, പെറ്റ് കുപ്പികളും ടെട്രാ പായ്ക്കുകളും ലക്ഷ്യമിട്ട് ഇന്ത്യൻ പഴച്ചാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
പൂർണമായും ഇന്ത്യയിൽ നിർമിച്ചതാണ് ‘ജംപിൻ’ എന്ന് കമ്പനി അവകാശപ്പെടുന്നു. വിപണി പ്രവേശനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സുരക്ഷാ സേനകളെ ആദരിക്കുന്നതിന് ബിഎസ്എഫ് ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും രസ്ന ജംപിൻ വിതരണം ചെയ്തു. കർഷകർ,പ്രാദേശിക ചെറുകിട-ഇടത്തരം സംരംഭകർ എന്നിവരെ പിന്തുണയ്ക്കുകയും ആഭ്യന്തര വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് രസ്നയെന്ന് ഗ്രൂപ്പ് ചെയർമാൻ പിറൂസ് ഖാംബട്ട പറഞ്ഞു. ഗവേഷണം,നിർമാണം,പാക്കേജിംഗ് എന്നിവയുൾപ്പടെ എല്ലാ ഘട്ടവും പൂർണമായും ഇന്ത്യയിൽ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ജംപിൻ ശ്രേണിയിൽ മാമ്പഴം, ഓറഞ്ച്, ലിച്ചി, മിക്‌സ്ഡ് ഫ്രൂട്ട് രുചികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിറ്റാമിൻ സി ഉൾപ്പെടെ 10 പ്രധാന വിറ്റാമിനുകൾ ചേർത്താണ് നിർമാണം. വിപണിയിലെ മറ്റ് സമാന ഉത്പ്പന്നങ്ങളിൽ ഉളളതിനേക്കാൾ പകുതിയോളം മാത്രം പഞ്ചസാരയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കമ്പനി പറയുന്നു. 7ഗ്രാം മാത്രമാണ് ചേർത്തിരിക്കുന്നത്. രസ്ന പെറ്റ് ബോട്ടിലുകളിലും (250 മില്ലി മുതൽ 1.2 ലിറ്റർ വരെ), ടെട്രാ പായ്ക്കുകളിലും (125 മില്ലി,200 മില്ലി, 1 ലിറ്റർ) ലഭ്യമാണ്. 10 രൂപ മുതൽ 85 രൂപ വരെയാണ് വില. കുടുംബങ്ങൾക്കും കുട്ടികൾക്കും ഫിറ്റ്നസ് പ്രേമികൾക്കും പ്രൊഫഷണലുകൾക്കുമായി രൂപകല്പന ചെയ്തതാണ്. 10 രൂപയ്ക്ക് 125 മില്ലി ടെട്രാ പായ്ക്കിൽ ഓറഞ്ച് ഡ്രിങ്ക് നല്കുന്ന ഏക ബ്രാൻഡും ജംപിനാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ഐഎംഎആർസി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഫ്രൂട്ട് ജ്യൂസ് വിപണി 2025 മുതൽ 2033 വരെ 11.90 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ, 2033 എത്തുമ്പോഴേക്കും 1,22,855 കോടി രൂപ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യത്തിനും വെൽനെസിനും കൂടുതൽ പ്രാധാന്യം നല്കുന്ന ഉപഭോക്താക്കളും, അവർക്കിടയിൽ വർധിച്ച ബോധവത്ക്കരണവും, കൂടാതെ പ്രകൃതിദത്തവും പോഷക സമൃദ്ധവുമായ പാനീയങ്ങൾക്ക് ഉയർന്ന ആവശ്യകതയുമാണ് വിപണി വളർച്ചയുടെ പ്രധാന കാരണങ്ങൾ. ജെൻ സിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്, വിറ്റാമിൻ വർദ്ധന, ലോ-ക്യാലറി ഫോർമുലേഷൻ തുടങ്ങിയ പുതുമകൾക്ക് മുൻഗണന നല്കിയാണ് കമ്പനിയുടെ പ്രവർത്തനം. ഭാവിയിൽ, പ്രോട്ടീൻയും പാൽ അടിസ്ഥാനത്തിലുള്ള ഘടകങ്ങളും ചേർത്ത് ജംപിന്റെ മൂല്യം കൂട്ടുന്നതിനും കമ്പനി പ്രവർത്തിക്കുമെന്നും അറിയിച്ചു.