
മുംബൈ: ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോഴ്‌സ് സബ്‌സിഡറിയായ ഹീറോ ഫിന്‍കോര്‍പ്പിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു.
ബുധനാഴ്‌ച ചേര്‍ന്ന ഹീറോ ഫിന്‍കോര്‍പ്പിന്റെ ബോര്‍ഡ് യോഗം ഐപിഒയ്‌ക്ക് അനുമതി നല്‍കി. 5300-5500 കോടി രൂപ ഐപിഒ വഴി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) നടത്തുന്ന ഏറ്റവും വലിയ പബ്ലിക് ഇഷ്യു ആയിരിക്കും ഇത്.
ഐപിഒയ്‌ക്കുള്ള അപേക്ഷ അടുത്ത മാസം ഹീറോ ഫിന്‍കോര്‍പ്പ് സെബിയ്‌ക്ക് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. 4000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1500 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ.
പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് ഒഎഫ്‌എസ് വഴി വില്‍ക്കുന്നത്.
ഐആര്‍എഫ്‌സി, ആധാര്‍ ഹൗസിംഗ്, പിഎന്‍ബി ഹൗസിംഗ്, ആപ്‌റ്റസ് വാല്യു ഹൗസിംഗ് തുടങ്ങിയവയാണ് നേരത്തെ വലിയ ഐപിഒകള്‍ നടത്തിയ ചില എന്‍ബിഎഫ്‌സികള്‍. ഈ കമ്പനികള്‍ 2780 കോടി രൂപ മുതല്‍ 4633 കോടി രൂപ വരെയാണ് ഐപിഒ വഴി സമാഹരിച്ചത്.
ഹീറോ ഫിന്‍കോര്‍പ്പിന്റെ 41 ശതമാനം ഓഹരികളുടെ ഉടമസ്ഥത ഹീറോ മോട്ടോഴ്‌സിനാണ്. പ്രൊമോട്ടര്‍മാരായ മുഞ്‌ജാല്‍ കുടുംബം 38 ശതമാനം ഓഹരികള്‍ കൈവസം വെക്കുന്നു.
ബാക്കി ഓഹരികള്‍ ക്രെഡിറ്റ് സ്വിസ്, അപ്പോളോ ഗ്ലോബല്‍ തുടങ്ങിയ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരുടെയും ഹീറോ മോട്ടോഴ്‌സിന്റെ ചില ഡീലര്‍മാരുടെയും കൈവശമാണ്.
ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ ഹീറോ ഫിന്‍കോര്‍പ്പ് കഴിഞ്ഞ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 80 ശതമാനമാണ് ഉയര്‍ന്നത്. 1800-1900 രൂപയാണ് ഇപ്പോഴത്തെ ഈ ഓഹരിയുടെ വില.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 32 ശതമാനം വളര്‍ച്ചയോടെ 637 കോടി രൂപയാണ് കമ്പനി കൈവരിച്ച ലാഭം. പലിശ വരുമാനത്തില്‍ 31 ശതമാനം വളര്‍ച്ചയുണ്ടായി.
7479 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പലിശ വരുമാനം.






