
തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാളിന്റെ അനന്തരവനായിരുന്നു ലെഫ്റ്റനന്റ് കേണല്‍ പി.ആര്‍ ഗോദവര്‍മ്മ രാജ. കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവര്‍ മധുവിധു ആഘോഷിച്ചത് കോവളം കൊട്ടാരത്തിലായിരുന്നു. കോവളത്തിന്റെ സൗന്ദര്യം ശരിക്കും അദ്ദേഹം തിരിച്ചറിയുന്നത് അവിടെ വച്ചാണ്. കോവളത്തിന്റെ തലവരി മാറുന്നത് അവിടെ നിന്നും. വിദേശ പ്രമുഖരെ ക്ഷണിച്ച് കോവളം കൊട്ടാരത്തില്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ച്, കോവളത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രമങ്ങള്‍ തുടങ്ങി.
ലെഫ്റ്റനന്റ് കേണല്‍ പി.ആര്‍ ഗോദവര്‍മ്മ രാജ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു അപരിചിതത്വം തോന്നാം. എന്നാല്‍ ജീവി രാജ എന്നാകുമ്പോള്‍ അത് മാറും. കായിക കേരളത്തിന് ഒരിക്കലും മറക്കാനാകാത്ത നാമധേയമാണത്, കേരളാ ടൂറിസത്തിനും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാപിച്ചത് ജി വി രാജയാണ്. കോവളത്തെ ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയതും അദ്ദേഹം തന്നെ.
രാജ്യത്ത് എന്‍സിസി ആരംഭിക്കുന്നത് 1948 ല്‍ ആണ്. അതിന് പ്രചോദനമായത് ജി.വി രാജ തിരുവനന്തപുരത്ത് 1937-ല്‍ സ്ഥാപിച്ച യൂണിവേഴ്‌സിറ്റി ലേബര്‍ കോര്‍പ്‌സ് ആയിരുന്നു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്ത്യയിലെ ആദ്യത്തെ ജനകീയ കായിക ഭരണസംവിധാനമാണ്. മരിക്കുംവരെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് ജീവിരാജ തുടര്‍ന്നു. 1950 മുതല്‍ 13 വര്‍ഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ബിസിസിഐയുടെ വൈസ് പ്രസിഡന്റ് പദവിയിലിരുന്ന ആദ്യ മലയാളിയുമാണ്.
ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ്, ഗോള്‍ഫ് ക്ലബ്ബ്, വേളി ബോട്ട് ക്ലബ്ബ്, എന്നിവയ്ക്ക് ആരംഭം കുറിച്ചു. സ്‌കൂള്‍ സ്‌പോര്‍ട്‌സ് വളര്‍ത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു. കേരളം സ്‌കൂള്‍ കായികമേളയില്‍ ദേശീയതലത്തില്‍ വന്‍ മുന്നേറ്റം നടത്തുന്നതും ഒട്ടേറെ എണ്ണം പറഞ്ഞ കായിക താരങ്ങള്‍ ഉദയം ചെയ്യുന്നതും ഇതിനെ തുടര്‍ന്നാണ്. കായികരംഗത്ത് എന്നതുപോലെ തന്നെ ടൂറിസത്തിലും അദ്ദേഹം കൈയൊപ്പിട്ടു. 1950-കളില്‍ ”ട്രാവല്‍ ആന്‍ഡ് ഹോളിഡേ ക്ലബ്” എന്ന സംഘടന ആരംഭിച്ചു. അത് പിന്നീട് കേരള സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഗഠഉഇ) രൂപീകരണത്തിന് അടിത്തറയായി.
‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ക്ക് വിത്തുപാകിയത് ജി.വി രാജയാണ്. കോവളം, വര്‍ക്കല, പോന്‍മുടി എന്നിവയുടെ വിനോദസഞ്ചാര സാധ്യതകള്‍ അദ്ദേഹം ആദ്യമേ തിരിച്ചറിഞ്ഞു. കോവളത്തെ വിദേശ സന്ദര്‍ശകര്‍ക്കായി ‘ഇന്ത്യയിലെ മാലദ്വീപ്’ എന്ന വിശേഷണത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കൊവളം ബീച്ചില്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ചത്. പൊന്‍മുടി ഹില്‍ റിസോര്‍ട്ട്, തെന്മല ഇക്കോ ടൂറിസം, വര്‍ക്കല പാപനാശം വികസന പദ്ധതി എന്നിവയ്ക്ക് കാരണക്കാരനായി. സെവന്‍ ഹില്‍സ് മൗണ്ടന്‍ ട്രാക്ക്, പോന്‍മുടി, അഗസ്ത്യകൂടം ട്രെക്കിങ് റൂട്ടുകള്‍ എന്നിവ മാപ്പ് ചെയ്തു. എയ്‌റോസ്‌പോര്‍ട്‌സ് കേരളത്തിന് പരിചയപ്പെടുത്തിയതും 1956-ല്‍ ട്രിവാന്‍ഡ്രം ഫ്‌ളൈയിംഗ് ക്ലബ് സ്ഥാപിച്ചതും ജി.വി രാജയാണ്. 52-ാം വയസില്‍ ജിവി രാജ അന്തരിച്ചു. കായിക കേരളവും കേരള ടൂറിസവും നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹം നിത്യസ്മരണയായിരിക്കും.






