
മുംബൈ: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ ഗ്രോ, ഐപിഒ(ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കായി പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു. 7000 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന കമ്പനി 1060 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 5000-6000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടത്തുക.
പീക്ക് XV പാര്‍ട്ണര്‍മാര്‍, Y കോമ്പിനേറ്റര്‍, റിബിറ്റ് ക്യാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍, കോഫ്മാന്‍ ഫെലോസ് ഫണ്ട് എന്നീ നിക്ഷേപകര്‍ ഏതാണ്ട് 574 ദശലക്ഷം ഓഹരികളും സ്ഥാപകരായ ലളിത് കേഷ്രെ, ഹര്‍ഷ് ജെയിന്‍, നീരജ് സിംഗ്, ഇഷാന്‍ ബന്‍സാല്‍ എന്നിവര്‍ ഓരോ ദശലക്ഷം ഓഹരികള്‍ വീതവും വില്‍ക്കും.
നടപ്പ് വര്‍ഷം നവംബറിലായിരിക്കും ലിസ്റ്റിംഗ്. 7 ബില്യണ്‍ മുതല്‍ 9 ബില്യണ്‍ ഡോളര്‍ വരെ മൂല്യനിര്‍ണ്ണയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെയ് മാസത്തില്‍ ഐപിഒയ്ക്കായി രഹസ്യരേഖകള്‍ സമര്‍പ്പിച്ച കമ്പനി കഴിഞ്ഞമാസത്തില്‍ ഇതിനുള്ള അനുമതി സെബിയില്‍ നിന്നും കരസ്ഥമാക്കി.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ജെപി മോര്‍ഗന്‍ ഇന്ത്യ, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, ആക്‌സിസ് ക്യാപിറ്റല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്സ് കമ്പനികളാണ് ഇഷ്യു നിയന്ത്രിക്കുന്നത്.
2025 മാര്‍ച്ചിലവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 1824 കോടി രൂപയും 2025 ജൂണിലവസാനിച്ച പാദത്തില്‍ 378 കോടി രൂപയും അറ്റാദായം നേടിയ കമ്പനിയാണ് ഗ്രോവ്. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനമുയര്‍ത്താന്‍ ഇവര്‍ക്കായി.
2025 ലെ വരുമാനം 4056 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം അധികമാണിത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 12.58 ദശലക്ഷം ക്ലയ്ന്റുകളുളള കമ്പനി പ്രതിദിന വിറ്റുവരവ് 18.2 ശതമാനം വര്‍ദ്ധിപ്പിച്ച് 9276 കോടി രൂപയാക്കി.
എന്നാല്‍ ഫ്യൂച്വേഴ്‌സ്, ഓപ്ഷന്‍ ട്രേഡിംഗുമായ ബന്ധപ്പെട്ട നിയമങ്ങളെ തുടര്‍ന്ന് ഉപഭോക്താക്കളുടെ എണ്ണം 28 ശതമാനം കുറഞ്ഞു.
ഫീസ്, കമ്മീഷന്‍ എന്നീഇനത്തിലുള്ള വരുമാനത്തില്‍ 17.5 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. റീട്ടെയില്‍ ഫ്യൂച്ചേഴ്സ്, ഓപ്ഷന്‍സ് ട്രേഡിംഗിലെ ഗ്രോവിന്റെ വിപണി വിഹിതം 9.69% ല്‍ നിന്ന് 14.43% ആയി ഉയര്‍ന്നിട്ടുണ്ട്.