ന്യൂഡൽഹി: ദേശീയ ടര്‍മറിക് ബോര്‍ഡ് സ്ഥാപിച്ചു കൊണ്ട് മഞ്ഞളിന്റേയും മൂല്യവർധിത മഞ്ഞള്‍ ഉല്‍പന്നങ്ങളുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നിര്‍ണായക നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു.
മഞ്ഞള്‍ വ്യവസായത്തില്‍ മുന്‍പില്ലാത്ത രീതിയിലെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ ഈ രംഗത്തെ വിദഗ്ധരേയും പ്രതിനിധികളേയും ഒരുമിച്ചു കൊണ്ടുവരുന്നതാണ് ഈ നീക്കം.
നാഷനല്‍ ടര്‍മറിക് ബോര്‍ഡിന്റെ അധ്യക്ഷനെ കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. വാണിജ്യ, കാര്‍ഷിക, കര്‍ഷക ക്ഷേമ, ആയുഷ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രാലയങ്ങളെ പ്രതിനിധീകരിക്കുന്ന നാലു പേർ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.
ഇതിനു പുറമെ പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ മഞ്ഞള്‍ ഉല്‍പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും ഉണ്ടാകും. മഞ്ഞള്‍ ഉല്‍പാദകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അംഗങ്ങളും കയറ്റുമതിക്കാരേയും മഞ്ഞളില്‍ നിന്നുള്ള മറ്റ് ഉല്‍പ്പന്ന നിര്‍മാതാക്കളെയും പ്രതിനിധീകരിക്കുന്ന രണ്ട് അംഗങ്ങളും ഉണ്ടാകും.
നാഷനല്‍ ടര്‍മറിക് ബോര്‍ഡിന്റെ ഈ സമഗ്ര ഘടന മഞ്ഞള്‍ വ്യവസായത്തിന് ഊര്‍ജിത വികസനം പ്രദാനം ചെയ്യുമെന്നാണ് കരുതുന്നത്.
സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിക്കു പുറമെ കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആൻഡ് റിസര്‍ച്ച്, നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പുതിയ ബോര്‍ഡില്‍ അംഗങ്ങളാണ്.
ഇതിനു പുറമെ ദേശീയ ടര്‍മറിക് ബോര്‍ഡില്‍ നിയമിക്കുന്ന സെക്രട്ടറി വഴി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് ബോര്‍ഡിനാവശ്യമായ സെക്രട്ടേറിയല്‍ പിന്തുണ നല്‍കും.
തുടര്‍ച്ചയായ പുരോഗതിയും സഹകരണവും ഉറപ്പാക്കാന്‍ ബോര്‍ഡ് ഓരോ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് രണ്ടു യോഗങ്ങളെങ്കിലും ചേരും. പദ്ധതികളുടെ രൂപവല്‍ക്കരണം, തീരുമാനങ്ങള്‍ കൈക്കൊള്ളല്‍ തുടങ്ങിയവ ത്വരിതപ്പെടുത്താന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കും.
മഞ്ഞളിന്റെ മൂല്യ വർധന പ്രോത്സാഹിപ്പിക്കുന്നതിനും മഞ്ഞളില്‍ നിന്നുള്ള ഉല്‍പന്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുതിയ ഉല്‍പന്നങ്ങളുടെ വികസനത്തിനും വേണ്ടി ബോര്‍ഡ് പ്രവര്‍ത്തിക്കുകയും അതുവഴി സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
മഞ്ഞളും വിവിധ ഉപോല്‍പന്നങ്ങളും അന്താരാഷ്ട്ര വിപണികളില്‍ ഉപയോഗിക്കാനുള്ള അവബോധവും ഉണ്ടാക്കും. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ഉല്‍പന്നമായി ഇതിലൂടെ മഞ്ഞളിനെ മാറ്റും.
മൂല്യ വര്‍ധിത മഞ്ഞള്‍ ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും വികസിപ്പിക്കാനുമുള്ള നിര്‍ണായക നടപടികളും അന്താരാഷ്ട്ര വിപണികളില്‍ നടത്തുന്ന വിപണി ഗവേഷണത്തിലൂടെ സാധ്യമാക്കുകയും ചെയ്യും.
മഞ്ഞള്‍ വ്യവസായത്തില്‍ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. പുതിയ അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക് സൗകര്യങ്ങളും തയ്യാറാക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും ബോര്‍ഡ് നീക്കങ്ങള്‍ നടത്തും.
ഇതുവഴി തടസങ്ങളില്ലാത്ത കാര്യക്ഷമമായ ചരക്കുനീക്കങ്ങള്‍ ഉറപ്പാക്കും. ഇത് മഞ്ഞള്‍ വ്യവസായ മേഖലയില്‍ സുസ്ഥിരതയും സ്വാശ്രയത്വവും നല്‍കും. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാനും ബോര്‍ഡിന്റെ സമഗ്ര സമീപനം സഹായിക്കും.
ഇതിലെല്ലാം ഉപരിയായി മഞ്ഞള്‍ വിതരണ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും ഗുണമേന്മയും സുരക്ഷാ നിരവാരങ്ങളും പാലിക്കുന്നതു പ്രോല്‍സാഹിപ്പിക്കാനും ബോര്‍ഡ് പ്രതിബദ്ധത പുലര്‍ത്തും.
ഏറ്റവും ഉന്നത നിലവാരമുളളതും ഭക്ഷ്യസുരക്ഷാ നിലവാരങ്ങള്‍ പാലിക്കുന്നതുമായ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലെത്താന്‍ ഇതു സഹായിക്കും.
മഞ്ഞള്‍ വ്യവസായ മേഖലയിലെ ശേഷി വികസനവും ശാക്തീകരണവും വളര്‍ച്ചയ്ക്കുള്ള മുഖ്യ ഘടകങ്ങളാണ്. മഞ്ഞള്‍ കര്‍ഷകര്‍ക്ക് മൂല്യവർധനയുടെ സാധ്യതകളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ബോര്‍ഡ് പ്രവര്‍ത്തിക്കും.
മഞ്ഞളുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ ശേഖരിക്കുകയും യഥാവിധി ഡോക്യുമെന്റ് ചെയ്ത് അവയുടെ അമൂല്യമായ പാരമ്പര്യം ഭാവിയിലേക്കായി സംരക്ഷിക്കുന്നതിനും പ്രയത്‌നിക്കും.
ആരോഗ്യ രംഗത്തും, പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും മഞ്ഞളിന്റെ കഴിവുകള്‍ സംബന്ധിച്ച പഠനങ്ങള്‍, ക്ലിനിക്കല്‍ ട്രയലുകള്‍, ഗവേഷണങ്ങള്‍ തുടങ്ങിയവയും ബോര്‍ഡ് പ്രോല്‍സാഹിപ്പിക്കും.
ആരോഗ്യ സംരക്ഷണ മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നു കിട്ടാന്‍ ഇതു സഹായകമാകും.
മഞ്ഞളിന്റേയും അതിന്റെ ഉല്‍പന്നങ്ങളുടേയും സാധ്യതകള്‍ പൂര്‍ണമായി മനസിലാക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും സഹായിക്കുന്ന നിര്‍ണായക നാഴികക്കല്ലാണ് പുതിയ ദേശീയ ടര്‍മറിക് ബോര്‍ഡ് സ്ഥാപിച്ച നടപടി.
മഞ്ഞള്‍ വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്കും കര്‍ഷകരുടെ ഉന്നമനത്തിനും നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സഹായകമാകുമെന്നാണ് പ്രതീക്ഷ.