
മുംബെ: സ്വർണ വില റെക്കോഡ് നേട്ടം കൈവരിച്ചപ്പോൾ ചൂടപ്പം പോലെ വിറ്റുപോയ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ തിളക്കം മങ്ങുന്നു. നവംബറിൽ ഗോൾഡ് ഇ.ടി.എഫ് നിക്ഷേപത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടായി. 379 ദശലക്ഷം ഡോളർ അതായത് 3,420 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ഒക്ടോബറിൽ 850 ദശലക്ഷം ഡോളർ (7,664 കോടി രൂപ) നിക്ഷേപം ലഭിച്ചിരുന്നു.
തുകയിൽ ഇടിവുണ്ടായെങ്കിലും തുടർച്ചയായ ആറാം മാസവും രാജ്യത്തെ ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപം ലഭിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം മാർച്ച്, മേയ് മാസങ്ങളിൽ ഒഴികെ എല്ലാ മാസങ്ങളിലും ഗോൾഡ് ഇ.ടി.എഫ് വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ചതും ഈ വർഷമാണ്. 3.43 ബില്ല്യൻ ഡോളറാണ് (30,943 കോടി രൂപ) ഗോൾഡ് ഇ.ടി.എഫുകളിലേക്ക് ഒഴുകിയത്. ഇതോടെ മൊത്തം ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം 12.2 ബില്ല്യൻ ഡോളറായി (1.10 ലക്ഷം കോടി രൂപ) ഉയർന്നു.
ഇന്ത്യയിൽ മാത്രമല്ല ഗോൾഡ് ഇ.ടി.എഫ് നിക്ഷേപത്തിൽ ഇടിവുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ നിക്ഷേപകർക്കിടയിൽ പൊതുവേ താൽപര്യം കുറഞ്ഞിട്ടുണ്ട്. യു.എസ്, കാനഡ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്കൻ അമേരിക്കയിൽ നവംബറിൽ ലഭിച്ചത് 1.1 ബില്ല്യൻ ഡോളർ നിക്ഷേപമാണ്. അതായത് ഒക്ടോബറിൽ ലഭിച്ച 6.5 ബില്ല്യൻ ഡോളറിൽനിന്ന് 83 ശതമാനത്തിന്റെ കുറവുണ്ടായി. യൂറോപിൽ 4.4 ബില്ല്യൻ ഡോളറിന് പകരം ഒരു ബില്ല്യൻ ഡോളർ നിക്ഷേപമാണ് ലഭിച്ചത്. ഏഷ്യയിൽ 6.1 ബില്ല്യൻ ഡോളർ നിക്ഷേപം 3.1 ബില്ല്യൻ ഡോളറായി ഇടിഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ചൈനയുടെ കണക്കുകൾ വളരെ വ്യത്യസ്തമാണ്. നവംബറിൽ ചൈനയിലെ ഓഹരി വിപണി ഇടിഞ്ഞതിനാൽ 2.2 ബില്ല്യൻ ഡോളറിന്റെ വൻ നിക്ഷേപമാണ് ഗോൾഡ് ഇ.ടി.എഫുകളിലേക്ക് ഒഴുകിയത്. ചെറിയ ഇടവേളക്ക് ശേഷം സ്വർണ വില വീണ്ടും ഉയർന്നതും വാല്യൂ ആഡഡ് ടാക്സ് പരിഷ്‍കരണ ശേഷം അധിക നികുതി ബാധ്യത ഒഴിവാക്കാൻ നിക്ഷേപ താൽപര്യത്തോടെ ആഭരണങ്ങൾ വാങ്ങുന്നവരെ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് മാറാൻ പ്രേരിപ്പിച്ചതായും വിദഗ്ധർ പറയുന്നു.
ചൈന ഒഴികെ മറ്റു രാജ്യങ്ങളിൽ പല കാരണങ്ങളാണ് ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയത്. യു.എസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശ നിരക്ക് കുറക്കുമെന്ന സൂചനയായിരുന്നു പ്രധാന കാരണം. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകളും തിരിച്ചടിയായി. യു.എസ് ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ഗോൾഡ് ഇ.ടി.എഫുകൾ വിറ്റ് ലാഭമെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഓഹരി വിപണിയിൽ നഷ്ടം നേരിട്ടെങ്കിലും ഈ വർഷം ഗോൾഡ് ഇ.ടി.എഫുകൾ വൻ നേട്ടമാണ് നൽകിയത്.
അടുത്ത വർഷം സ്വർണ വിലയിൽ 15 മുതൽ 30 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് ലണ്ടൻ ആസ്ഥാനമായ വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യു.ജി.സി) പറയുന്നത്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ സെൻട്രൽ ബാങ്കുകൾ ബോണ്ട് ആദായം വെട്ടിക്കുറക്കുന്നതാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ വില വർധനക്ക് ഇന്ധനം പകരുക. ഗോൾഡ് ഇ.ടി.എഫ് വഴി സ്വർണത്തിലേക്ക് നിക്ഷേപം വീണ്ടും ഒഴുകുമെന്നും ഡബ്ല്യു.ജി.സി വ്യക്തമാക്കുന്നു.






