
മുംബൈ: ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ കുറവ് ക്വിക്ക് കൊമേഴ്സ്, ഹോം സർവീസ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിളവെടുപ്പ് കാലവും തെരഞ്ഞെടുപ്പും പ്രമാണിച്ചു ഗിഗ് തൊഴിലാളികൾ കൂട്ടത്തോടെ അവരവരുടെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഡെലിവറി ശൃംഖലകളെ പ്രതിസന്ധിയിലാക്കുന്നത്.
2026ന്‍റെ തുടക്കത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 10% മുതൽ 12% വരെ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ.
ഐപിഎൽ സീസണ്‍ പ്രമാണിച്ച് ഓർഡറുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹി-എൻസിആർ, ബംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് പ്രതിസന്ധി കൂടുതൽ പ്രകടമാകുന്നത്.
’ഇൻസ്റ്റന്‍റ് ഡെലിവറി’ ഓപ്ഷനുകൾ പല പ്ലാറ്റ്ഫോമുകളും പരിമിതപ്പെടുത്തി. തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി പ്ലാറ്റ്ഫോമുകൾ ബോണസുകളും പേഒൗട്ടുകളും വർധിപ്പിക്കുന്നുണ്ടെങ്കിലും ഇന്ധനവില വർധന തിരിച്ചടിയാകുകയാണ്. വരും മാസങ്ങളിൽ ഗിഗ് തൊഴിലാളികൾക്കായുള്ള ആവശ്യം 25% വരെ വർധിക്കുമെന്ന് ഹയറിംഗ് ഏജൻസികൾ കണക്കാക്കുന്നു.
ഈ പ്രശ്നം ആഴത്തിലുള്ള ഘടനാപരമായ വെല്ലുവിളികളിലാണ് വേരൂന്നിയിരിക്കുന്നത്. ഗിഗ് തൊഴിലാളികൾ കുറഞ്ഞതും അസ്ഥിരവുമായ വേതനമാണ് നേടുന്നതെന്നതാണ് യഥാർഥ വെല്ലുവിളി.
ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ ഡെലിവറി ഡ്രൈവർമാർ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ജോലികൾക്കുശേഷം ഏകദേശം 20,000 രൂപ മാത്രമാണ് സമ്പാദിക്കുന്നത്. ഇന്ധനച്ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും തൊഴിലാളികൾ തന്നെ വഹിക്കേണ്ടിവരുന്നു. ഇതുകൊണ്ട് കൈയിൽ കിട്ടുന്ന വരുമാനം കുറയുന്നു.
പലപ്പോഴും ഒരു ട്രിപ്പിന് 30 രൂപ വരെ മാത്രമാണു ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, പ്രതിദിനം 500 – 700 രൂപ സന്പാദിക്കാൻ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നു. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെയും ശമ്പളത്തോടു കൂടിയ അവധിയുടെയും അഭാവം തൊഴിലാളികൾക്കിടയിൽ വലിയ അതൃപ്തിക്കു കാരണമായിട്ടുണ്ട്.
മെച്ചപ്പെട്ട വേതനവും സുരക്ഷിത സാഹചര്യങ്ങളും ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തോളം ഗിഗ് തൊഴിലാളികളാണ് അടുത്തിടെ സമരരംഗത്തിറങ്ങിയത്.
തൊഴിലാളികളുടെ കുറവ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനത്തിൽ സമ്മർദമുണ്ടാക്കിയിട്ടുണ്ട്. ഉയർന്ന പേഒൗട്ടുകൾ തൊഴിലാളികളെ നിലനിർത്താൻ സഹായിക്കുമെങ്കിലും ഇന്ധനവില വർധന കാരണം ഇൻസെന്‍റീവ് വർധന 5-10% വരെയായി പരിമിതപ്പെടുത്തി. എന്നാൽ ഇത് മുൻ വർഷങ്ങളിൽ നല്കിയ 15 ശതമാനത്തേക്കാൾ കുറവാണ്.
വർധിച്ചുവരുന്ന പ്രവർത്തനച്ചെലവ് 10 മിനിറ്റ് ഡെലിവറി മോഡലുകളുടെ നിലനിൽപ്പിനെത്തന്നെ ഭീഷണിയാക്കുന്നു. ഇത്തരം സേവനങ്ങൾ പ്രധാനമായും തൊഴിലാളികളുടെ ശക്തമായി ശൃംഖലയെയാണ് ആശ്രയിക്കുന്നത്.
35-50% വരെ പ്ലാറ്റ്ഫോം ഫീസായി നൽകുന്ന ഡി2സി (ഡയറക്ട് ടു കണ്‍സ്യൂമർ) ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം, ഡെലിവറിയിലുണ്ടാകുന്ന കാലതാമസം ഉപഭോക്താക്കളുടെ വിശ്വസ്തതയെയും വില്പനയെയും കാര്യമായി ബാധിക്കും.
2024-ലെ കണക്കനുസരിച്ച് ഇ-ഗ്രോസറി ഓർഡറുകളുടെ മൂന്നിൽ രണ്ട് ഭാഗവും ക്വിക്ക് കൊമേഴ്സ് വഴി നടന്നതിനാൽ, നിലവിലെ തടസങ്ങൾ ഇത്തരം പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും വിതരണ ശൃംഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാനും ബ്രാൻഡുകളെ പ്രേരിപ്പിച്ചേക്കാം.






