
കൊച്ചി: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിൽ ഇന്ത്യൻ കരകൗശല വസ്തുക്കളുടെ സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് ഗാന്ധി ശിൽപ് ബസാർ – കൊച്ചിൻ ക്രാഫ്റ്റ് ഫെസ്റ്റ് 2025 പ്രദർശനം നടത്തുന്നു. എറണാകുളത്തെ മറൈൻ ഡ്രൈവിന് സമീപത്തെ ശിവക്ഷേത്ര ഗ്രൗണ്ടിലാണ് പ്രദർശനം. ഡിസംബർ 20-ന് ആരംഭിച്ച മേള 29-ന് അവസാനിക്കും. കോട്ടയം തലയോലപ്പറമ്പിലുള്ള ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ ആൻഡ് പബ്ലിക് കോ-ഓപ്പറേഷൻ സെന്ററുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.
കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന സഹമന്ത്രി ജോർജ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. എറണാകുളം എംപി ഹൈബി ഈഡൻ ആദ്യ വില്പന നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ എറണാകുളം എംഎൽഎ ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാക്കൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 70-ഓളം മികച്ച കരകൗശല വിദഗ്ധർ അവരുടെ കലാ-കരകൗശല പൈതൃകത്തിന്റെ തെളിവായ, അതിമനോഹര കരകൗശല സൃഷ്ടികളുമായി മേളയിൽ പങ്കെടുക്കുമെന്ന് തിരുവനന്തപുരം ഡിസി(എച്ച്) അസിസ്റ്റന്റ് ഡയറക്ടർ ലെനിൻ രാജ് കെആർ പറഞ്ഞു.
വികസന കമ്മീഷണർ ഓഫീസിന്റെ (കരകൗശല വസ്തുക്കൾ) www.indian.handicrafts.gov.in എന്ന ഓൺലൈൻ പോർട്ടലിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. വികസന കമ്മീഷണറുടെ (കരകൗശല) ഓഫീസ് രാജ്യമെമ്പാടുമായി ഗാന്ധി ശില്പ ബസാറുകൾ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ കരകൗശല വിദഗ്ധർക്ക് കലാപ്രേമികളായ ജനങ്ങളുമായി ഇടപഴകാനും അവരുമായി വിപണി ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന കരകൗശല വിദഗ്ധർക്ക് ഉപഭോക്താവിന്റെ യഥാർത്ഥ ആവശ്യങ്ങളും അഭിരുചിയും നേരിട്ട് മനസ്സിലാക്കാനും വിപണി ആവശ്യകത അനുസരിച്ച് അവരുടെ രൂപകല്പനകൾ ക്രമീകരിക്കാനും കഴിയും.
കാശ്മീർ ഷാളുകൾ, ആഭരണങ്ങൾ, പരവതാനികൾ, കലാചാരുതയുള്ള ലോഹവസ്തുക്കൾ, ആറന്മുള കണ്ണാടി, ഹാൻഡ് പ്രിന്റ് ചെയ്ത തുണിത്തരങ്ങൾ, കലാപരമായി ആകർഷകമായ മൺപാത്രങ്ങൾ, തുകൽ വസ്തുക്കൾ, മിഥില പെയിന്റിംഗുകൾ, പശ്ചിമ ബംഗാളിലെ ചണ കരകൗശല വസ്തുക്കൾ, പ്രിന്റ് ചെയ്ത ബെഡ് ഷീറ്റുകൾ, ഹാൻഡ് എംബ്രോയിഡറി, ചൂരൽ & മുള ഉത്പന്നങ്ങൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉണങ്ങിയ പുഷ്പങ്ങൾ കൊണ്ട് നിർമിക്കുന്ന വസ്തുക്കൾ, മരത്തിലും കല്ലിലും ചെയ്യുന്ന മനോഹരമായ കൊത്തുപണികൾ, വെങ്കല ശില്പങ്ങൾ, കലംകാരി സാരികൾ, ടെറാക്കോട്ട, കടലാസ് രൂപങ്ങൾ, ഹാൻഡ് ബ്ലോക്ക് പ്രിന്റിംഗ്, സാരി എംബ്രോയിഡറി, ബത്തിക്, പ്രകൃതിദത്ത നാരുകളുടെ ഉത്പന്നങ്ങൾ, തഞ്ചാവൂർ/മൈസൂർ പെയിന്റിംഗുകൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രദർശന- വില്പന മേളയിൽ ഉണ്ടാകും.
കൈത്തറി നെയ്ത്ത് തൊഴിലാളികളും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ,വിദഗ്ധരുടെ നേതൃത്വത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ കരകൗശല നിർമാണ രീതിയുടെ തത്സമയ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള അത്ഭുതകരമായ കരകൗശല സൃഷ്ടികൾ ഒരിടത്തായി പ്രദർശിപ്പിക്കുന്ന ഒരു സവിശേഷ പരിപാടിയാണിത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കലാപ്രേമികളായ പൊതുജനങ്ങൾക്ക് രാജ്യത്തെ വ്യത്യസ്തമാർന്ന കരകൗശല വസ്തുക്കൾ കാണാനുള്ള മികച്ച അവസരം കൂടിയാണ് പ്രദർശനം.






