
ന്യൂഡൽഹി: ഇന്ധനവിലവർധനയുടെ അമിതഭാരം ജനങ്ങൾക്കുമേൽ വീഴാതിരിക്കാൻ കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടുവട്ടം കുറച്ചെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറുസംസ്ഥാനങ്ങൾ മൂല്യവർധിതനികുതി (വാറ്റ്) കുറച്ചില്ലെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി.
കേരളം ഈ മാസം ലിറ്ററിന് രണ്ടുരൂപവീതം സാമൂഹികസുക്ഷാ സെസ് പ്രഖ്യാപിച്ചിരിക്കയാണ്. കേന്ദ്രസർക്കാരിനുനേരെ ആരോപണമുയർത്തുന്ന പ്രതിപക്ഷ സംസ്ഥാനങ്ങളാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും നിർമല വിമർശിച്ചു.
ലോക്‌സഭയിൽ പൊതുബജറ്റിനെക്കുറിച്ചുനടന്ന ചർച്ചയ്ക്ക് വെള്ളിയാഴ്ച മറുപടി പറയുമ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
ജൂണിലും നവംബറിലും രണ്ടുഘട്ടമായി കേന്ദ്രം എക്സൈസ് തീരുവ കുറച്ചു. എന്നാൽ, ചില സംസ്ഥാനങ്ങൾ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ അധികാരമേറ്റയുടൻ സംസ്ഥാനസർക്കാർ ഡീസലിനും പെട്രോളിനും മൂന്നുരൂപവീതം വാറ്റ് കൂട്ടി.
കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ വാറ്റ് കുറച്ചില്ല. മാത്രല്ല, കേരളം ഈ മാസം സാമൂഹികസെസും പ്രഖ്യാപിച്ചു.
ബംഗാളിലെ ദേശീയ തൊഴിലുറപ്പുപദ്ധതിയെക്കുറിച്ച് ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് മന്ത്രി പറഞ്ഞു.






