
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി തയ്യാറാക്കുന്ന കേക്കിന്റെ ആദ്യ പടിയായി നടക്കുന്ന ഫ്രൂട്ട് മിക്‌സിംഗിൽ ഇത്തവണ അതിഥിയായി എത്തിയത് ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളും. വഴുതക്കാട് ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും കുട്ടികളും ഹയാത്ത് റീജൻസി ജീവനക്കാരും ചേര്‍ന്നാണ് ഫ്രൂട്ട് ജ്യൂസില്‍ വിവിധ ഫല ചേരുവകളുടെ മിശ്രണം നടത്തിയത്. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ നിബു മാത്യു പരിപാടികൾക്ക് നേതൃത്വം നല്‍കി.
ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കിട്ടിയ വലിയ സൗഭാഗ്യമാണിതെന്നും ഫ്രൂട്ട് മിക്സിംഗ് പ്രക്രിയയിൽ കുട്ടികളെ കൂടി ഉൾപ്പെടുത്തിയ ഹയാത്തിന്റെ നടപടി സമൂഹത്തിന് നൽകിയ വലിയൊരു സന്ദേശമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. സമൂഹത്തോടും ഭൂമിയോടുമുള്ള കരുതലിന് ഊന്നല്‍ നല്‍കുന്ന ഹയാത്തിന്റെ ആഗോള സംരംഭമായ വേള്‍ഡ് ഓഫ് കെയര്‍ പരിപാടിയുടെയുടെയും സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെയും ഭാഗമായാണ് ഇത്തവണ ഭിന്നശേഷിക്കാരായ കുട്ടികളെ തിരഞ്ഞെടുത്തത്. കേക്ക് പരിശീലനം നേടിയതും ഡിഫറന്റ് ആര്‍ട് സെന്ററിലെ അപ് കഫെയില്‍ പ്രവര്‍ത്തിക്കുന്നതുമായ 12 കുട്ടികളാണ് ഫ്രൂട്ട് മിക്‌സിംഗിനെത്തിയത്.
ഫ്രൂട്ട് മിക്‌സിംഗ് ചടങ്ങ് ആഘോഷപരമായ പാചക രീതി എന്നതിലുപരി, ഐക്യത്തിന്റെയും പ്രതീക്ഷയുടെയും വരാനിരിക്കുന്ന ക്രിസ്മസ് കാലത്തിന്റെയും സന്തോഷകരമായ പ്രകടനമാണെന്നും ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളുമായി ഈ പ്രക്രിയ പങ്കുവെക്കുന്നതിലൂടെ ഒരുമ, സ്‌നേഹം, പങ്കുവെക്കല്‍ തുടങ്ങിയ ക്രിസ്മസിന്റെ സന്ദേശം പകര്‍ന്നു നല്‍കാനാണ് ശ്രമിക്കുന്നതെന്നും തിരുവനന്തപുരം ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് സെന്തിൽ കുമാർ പറഞ്ഞു. ഡിഫറന്റ് ആർട് സെന്റർ ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽ നായർ, ലിംഗ്വിസ്റ്റ് എഎം മേരിക്കുട്ടി, തിരുവനന്തപുരം ഹയാത്ത് റീജൻസി ഡിപ്പാർട്ട്മെന്റ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.






