
മുംബൈ: നാല് കമ്പനികള്‍ക്ക് പ്രാരംഭ പബ്ലിക് ഓഫറിംഗി (ഐപിഒ) നുള്ള അനുമതി നല്‍കിയിരിക്കയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ((സെബി). ബിബ ഫാഷന്‍സ് ലിമിറ്റഡ്, കീസ്‌റ്റോണ്‍ റിയല്‍റ്റേഴ്‌സ് ലിമിറ്റഡ്, പ്ലാസ വയേഴ്‌സ് ലിമിറ്റഡ്, ഹേമാനി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഐപിഒയ്ക്കുള്ള സെബി അനുമതി കരസ്ഥമാക്കിയത്.
ബിബ അപ്പാരല്‍സ്
വാര്‍ബര്‍ഗ് പിന്‍കസിന്റെയും ഫെയറിംഗ് ക്യാപിറ്റലിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബിബ ഫാഷന്‍സ് ഏപ്രിലിലാണ് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചത്. ഡിസൈനറും സംരഭകയുമായ മീന ബിന്ദ്രയാണ് ഡല്‍ഹി ആസ്ഥാനമായി 1988 ല്‍ കമ്പനി ആരംഭിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് പുറമെ ആഭരണങ്ങള്‍, പാദരക്ഷകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നീ മേഖലകളിലും സാന്നിധ്യമുണ്ട്.
രാജ്യത്തെ 120 നഗരങ്ങളിലായി മൂന്നോറോളം ഷോറൂമുകളുള്ള കമ്പനി 2014 ല്‍ അഞ്ചുമന്‍ ബ്രാന്‍ഡ് ഡിസൈന്‍സില്‍ 26.6 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളായ ജെഎം ഫിനാന്‍ഷ്യല്‍, എച്ച്എസ്ബിസി, ഡാം കാപിറ്റല്‍ ഇക്വാറിയസ്, ആംപിറ്റ് കാപിറ്റല്‍ എന്നിവ ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കുന്നു.
90 കോടി സമാഹരിക്കാനുദ്ദേശിക്കുന്ന ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടേയും നിക്ഷേപകരുടേയും 2.77 കോടി ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ.
കീസ്‌റ്റോണ്‍ റിയാല്‍ട്ടേഴ്‌സ്
റസ്റ്റംജി ഗ്രൂപ്പ് കമ്പനികളിലൊന്നായ കീസ്‌റ്റോണ്‍ റിയാല്‍ട്ടേഴ്‌സ് ഐപിഒ വഴി 850 കോടി രൂപയാണ് സമാഹരിക്കുക. ഇതില്‍ 700 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 150 കോടി രൂപയുടെ ഓഫര്‍ഫോര്‍ സെയിലും ഉള്‍പ്പെടുന്നു. ഓഫര്‍ ഫോര്‍ സെയ്‌ലിലില്‍ ബൊമാന്‍ റസ്റ്റം ഇറാനി 75 കോടി രൂപയുടെ ഓഹരികളും പേര്‍സി സൊറാജി ചൗദരി 37.50 കോടി രൂപയുടെ ഓഹരികളും ചന്ദ്രേഷ് ദിനേഷ് മേത്ത 37.50 കോടി രൂപയുടെ ഓഹരികളും വില്‍പ്പന നടത്തും. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 427 കോടി രൂപ ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന് കമ്പനി പ്രാഥമിക രേഖയില്‍ പറഞ്ഞു.
ബാക്കി തുക പുതിയ പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിനും കോര്‍പറേറ്റ് ചെലവുകള്‍ക്കുമായി വിനിയോഗിക്കും. ആക്‌സിസ് കാപിറ്റില്‍, ക്രെഡിറ്റ് സ്യൂസ് എന്നീ നിക്ഷേപസ്ഥാപനങ്ങളാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. 2021 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 848.72 കോടി രൂപയുടെ വരുമാനമുണ്ടാക്കിയിരുന്നു.
2020 ല്‍ ഇത് 1211.47 കോടി രൂപയായിരുന്നു. ലാഭം 2020 ല്‍ 231.82 കോടി രൂപയും 2021 ല്‍ 14.50 കോടിരൂപയുമായി. 2021 ഡിസംബര്‍ വരെ കമ്പനിയ്ക്ക് 1439.18 കോടി രൂപയുടെ ബാധ്യതകളുണ്ട്.
മുംബെയിലെ പ്രധാനപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് കമ്പനികളിലൊന്നാണ് കീസ്‌റ്റോണ്‍. ജുഹു, ബാന്ധ്ര, ഖാര്‍, ബന്ദ്അപ്പ്, വിരാര്‍, താനെ എന്നിവിടങ്ങളില്‍ പ്രൊജക്ടുകളുണ്ട്. പ്രീമിയം ഫ്‌ലാറ്റുകളാണ് വില്‍പ്പന നടത്തുന്നത്.
പ്ലാസ വയേഴ്‌സ്
1,64,52,000 ഇക്വിറ്റി ഷെയറുകളുടെ ഫ്രഷ് ഇഷ്യു ഐപിഒയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി വയറുകള്‍, അലുമിനിയം കേബിളുകള്‍, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, വിപണനം, വില്‍പ്പന എന്നിവ നടത്തുന്നു.
ഹേമാനി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
അഗ്രോകെമിക്കല്‍ നിര്‍മ്മാതാക്കളായ ഹേമാനി ഇന്‍ഡസ്ട്രീസ് 2000 കോടി രൂപയാണ് സമാഹരിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1500 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെട്ടിരിക്കുന്നു.






