ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

നടപ്പുവര്‍ഷം വിദേശ നിക്ഷേപകര്‍ പിൻവലിച്ചത് 1.43 ലക്ഷം കോടി രൂപ

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ ശക്തമായതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് നടപ്പുവർഷം ഇതുവരെ 1.43 ലക്ഷം കോടി രൂപ പിൻവലിച്ചു. ഒക്ടോബറില്‍ സജീവമായിരുന്നെങ്കിലും നവംബറില്‍ വിദേശ ഫണ്ടുകള്‍ വീണ്ടും വില്‍പ്പന മോഡിലേക്ക് മാറി. നവംബറില്‍ വിദേശ നിക്ഷേപകർ 3,765 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്.

അമേരിക്കൻ ടെക്ക് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ ചാഞ്ചാട്ടവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന് വേഗത കൂട്ടി. സെക്കൻഡറി വിപണിയേക്കാള്‍ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചു.

ഒക്ടോബറില്‍ വിദേശ സ്ഥാപനങ്ങള്‍ 14,160 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. യു.എസ് സർക്കാരിന്റെ ദീർഘ കാല ഷട്ട്‌ഡൗണും പലിശ കുറയ്ക്കാനുള്ള ഫെഡറല്‍ റിസർവിന്റെ തീരുമാനം വൈകുന്നതും കണക്കിലെടുത്ത് നിക്ഷേപകർ കരുതലോടെയാണ് നീങ്ങിയത്. റഷ്യയിലെ ഭൗമരാഷ്‌ട്രീയ പ്രതിസന്ധിയും ക്രൂഡോയില്‍ വിലയിലെ ചാഞ്ചാട്ടവും നിക്ഷേപകർക്ക് വെല്ലുവിളിയായി.

കരുത്ത് പകർന്ന് ആഭ്യന്തര നിക്ഷേപകർ
വിദേശ ഫണ്ടുകള്‍ സൃഷ്‌ടിച്ച കനത്ത വില്‍പ്പന സമ്മർദ്ദം മറികടന്നും കഴിഞ്ഞ വാരം ഇന്ത്യൻ സൂചികകള്‍ റെക്കാഡ് ഉയരത്തിലെത്തിയത് ആഭ്യന്തര നിക്ഷേപകരുടെ പിന്തുണയിലാണ്. മ്യൂച്വല്‍ ഫണ്ടുകളിലേക്കും സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലേക്കും ഓരോ മാസവും റീട്ടെയില്‍ നിക്ഷേപകർ വൻതോതില്‍ പണമൊഴുക്കിയതാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിലും ഇന്ത്യൻ വിപണിക്ക് കരുത്തായത്. നിലവില്‍ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 9.45 കോടിയാണ്.

വിദേശ നിക്ഷേപ ഒഴുക്ക്
മാസം : നിക്ഷേപം
ജൂലായ് : -17,700 കോടി രൂപ
ആഗസ്ത് : -34,990 കോടി രൂപ
സെപ്തംബർ : -23,885 കോടി രൂപ
ഒക്ടോബർ : 14,610 കോടി രൂപ
നവംബർ : -3,765 കോടി രൂപ

വിപണിയില്‍ മുന്നേറ്റം തുടർന്നേക്കും
ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തില്‍ ആഭ്യന്തര മൊത്തം ഉത്പാദനം 8.2 ശതമാനം വളർച്ച നേടിയതോടെ രാജ്യത്തെ ഓഹരി വിപണിയിലെ കുതിപ്പ് വരും ദിവസങ്ങളിലും തുടർന്നേക്കും. ഉത്സവകാല ആവേശവും ചരക്കു സേവന നികുതിയിലെ ഇളവും കമ്പനികളുടെ ലാഭം ഉയർത്തുമെന്ന പ്രതീക്ഷ വിപണിയില്‍ ശക്തമാണ്.

X
Top