എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

സെപ്‌റ്റംബര്‍ രണ്ടാം പകുതിയില്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പന ശക്തമായി

സെപ്‌റ്റംബര്‍ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന ശക്തമായി. ധനകാര്യം, എണ്ണ-വാതകം, ഓട്ടോ, ടെലികോം, മെറ്റല്‍ തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ്‌ കൂടുതല്‍ വില്‍പ്പനയുണ്ടായത്‌. സെപ്‌റ്റംബര്‍ 16 മുതല്‍ 30 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 21,745 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

മാസത്തിന്റെ ആദ്യ പകുതിയില്‍ 14,116 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയിരുന്നത്‌. ധനകാര്യ ഓഹരികളാണ്‌ വിദേശ നിക്ഷേപകരുടെ വില്‍പ്പന ഏറ്റവും കൂടുതല്‍ നേരിട്ടത്‌. 6943 കോടി രൂപയാണ്‌ സെപ്‌റ്റംബര്‍ രണ്ടാം പകുതിയില്‍ ഈ മേഖലയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്‌. സെപ്‌റ്റംബറിന്റെ ആദ്യ പകുതിയില്‍ ഈ വിഭാഗത്തിലെ വില്‍പ്പന 6204 കോടി രൂപയായിരുന്നു.

എണ്ണ-വാതക, ഓട്ടോ ഓഹരികളില്‍ നടന്ന വില്‍പ്പന യഥാക്രമം 4469 കോടി രൂപയും 3542 കോടി രൂപയുമാണ്‌. ആദ്യ പകുതിയില്‍ ഈ വിഭാഗങ്ങളിലെ വില്‍പ്പന യഥാക്രമം 2385 കോടി രൂപയും 2670 കോടി രൂപയുമായിരുന്നു. പോര്‍ട്ട്‌ഫോളിയോ പുനഃക്രമീകരണം, ലാഭമെടുപ്പ്‌ എന്നിവയാണ്‌ ഈ വില്‍പ്പനയ്‌ക്ക്‌ പിന്നില്‍.

വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ നിക്ഷേപത്തില്‍ വലിയ പങ്ക്‌ ധനകാര്യ ഓഹരികള്‍ക്കായതിനാല്‍, ഇന്ത്യയിലെ നിക്ഷേപം കുറയ്‌ക്കുമ്പോള്‍ ഈ വിഭാഗത്തില്‍ വലിയ തോതില്‍ വില്‍പ്പന ഉണ്ടാകാറുണ്ട്‌. ടെലികോം, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്‌, ക്യാപിറ്റല്‍ ഗുഡ്‌സ്‌ ഓഹരികളിലും വിദേശ നിക്ഷേപകരുടെ വില്‍പ്പനയുണ്ടായി.

ജിയോ പ്ലാറ്റ്‌ഫോംസ്‌ ഐപിഒ വരാനിരിക്കുന്നതും ടെലികോം മേഖലയിലെ വില്‍പ്പനയ്‌ക്ക്‌ കാരണമായി. ജിയോയില്‍ നിക്ഷേപം നടത്തുന്നതിനായി നിക്ഷേപകര്‍ ഭാരതി എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ഓഹരികളിലെ നിക്ഷേപം കുറച്ചു.

X
Top