
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ 22,815 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ഇത് 17 മാസത്തിനിടയിലെ വിദേശ നിക്ഷേപകരുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്. തുടര്‍ച്ചയായി മൂന്ന് മാസത്തെ കനത്ത വില്‍പ്പനയ്‌ക്കു ശേഷമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലെ കാളകളായി മാറിയത്. ജനുവരിയില്‍ 35,962 കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
ഡിസംബറില്‍ 22,611 കോടി രൂപയുടെയും നവംബറില്‍ 3765 കോടി രൂപയുടെയും അറ്റവില്‍പ്പന നടത്തിയിരുന്നു. 2025ല്‍ മൊത്തം 1.66 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തിലെ ഇടിവും യുഎസ് ചുമത്തിയ ഇറക്കുമതി തീരുവയുമാണ് വിദേശ നിക്ഷേപകരെ കനത്ത വില്‍പ്പനയ്‌ക്ക് കഴിഞ്ഞ വര്‍ഷം പ്രേരിപ്പിച്ചത്.
2024 സെപ്‌റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ കഴിഞ്ഞ മാസം നടത്തിയത്. ഫിനാന്‍ഷ്യല്‍, കാപ്പിറ്റല്‍ ഗുഡ്‌സ് എന്നീ മേഖലകളിലാണ് പ്രധാനമായും വിദേശ നിക്ഷേപം എത്തിയത്. അതേ സമയം ഐടി ഓഹരികളില്‍ ഗണ്യമായ തോതില്‍ വില്‍പ്പന നടത്തി. 10,956 കോടി രൂപയുടെ വില്‍പ്പനയാണ് ഐടി മേഖലയിലുണ്ടായത്.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ഇന്ത്യന്‍ കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ പൊതുവെ മികച്ചു നിന്ന സാഹചര്യത്തിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ നിപണിയിലെ അറ്റനിക്ഷേപകരായി മാറിയത്. യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറിന് ധാരണയായതിനെ തുടര്‍ന്നാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപം തുടങ്ങിയത്. യുഎസ് സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ട്രംപ് 15 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതും ഇന്ത്യയ്‌ക്ക് ഗുണകരമാകും.
വ്യാപാര കരാര്‍ അനുസരിച്ചുള്ള 18 ശതമാനത്തില്‍ നിന്നാണ് 15 ശതമാനമായി തീരുവ കുറയുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ഓഹരി വിപണിയിലെ കരടികളായി തുടരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മനോഭാവം മാറുന്നതിനു പ്രേരിപ്പിക്കുന്ന രീതിയില്‍ അനുകൂലമായ സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
മതിയായ തിരുത്തലിനു ശേഷം വിപണിയുടെ മൂല്യം നിക്ഷേപകര്‍ക്ക് കടന്നുവരാന്‍ അനുകൂലമായ നിലയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നിലയും മികച്ചതാണ്.






