
എറ്റേര്‍ണലിലെ തങ്ങളുടെ ഓഹരി ഉടമസ്ഥത വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ ഏഴ് ത്രൈമാസങ്ങളായി കുറച്ചുകൊണ്ടുവരുന്നു. 2024 ജൂണില്‍ 54 ശതമാനമായിരുന്ന എറ്റേര്‍ണലിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 2025 ഡിസംബറില്‍ 36.2 ശതമാനമായി കുറഞ്ഞു.
2025 ഏപ്രിലില്‍ കമ്പനിയിലെ വിദേശ ഓഹരി പങ്കാളിത്തം പരമാവധി 49.5 ശതമാനമായി പരിമിതപ്പെടുത്താന്‍ എറ്റേര്‍ണല്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. എറ്റേര്‍ണല്‍ ഇങ്ങനെ ചെയ്‌തത് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് കമ്പനികളില്‍ 50 ശതമാനത്തിലേറെ വിദേശ ഓഹരി ഉടമസ്ഥതയുണ്ടെങ്കില്‍ അവയ്‌ക്ക് സ്വന്തമായി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ചട്ടം പാലിക്കാനാണ്.
വിദേശ ഓഹരി പങ്കാളിത്തം പരമാവധി 49.5 ശതമാനമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതിനു പിന്നാലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കമ്പനിയിലെ നിക്ഷേപം കുറഞ്ഞുവരികയും ചെയ്‌തു. ഇതിനിടെ എറ്റേര്‍ണലിന്റെ ഓഹരി വില തിരുത്തലിലൂടെ കടന്നുപോയി. ഒക്‌ടോബറില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും എറ്റേര്‍ണല്‍ 25 ശതമാനം തിരുത്തല്‍ നേരിട്ടു. ഒക്‌ടോബര്‍ 16ന് 368.45 രൂപ വരെ ഈ ഓഹരിയുടെ വില ഉയര്‍ന്നിരുന്നു.
അതേ സമയം ഈ തിരുത്തല്‍ നിക്ഷേപാവസരമാണെന്ന് ബ്രോക്കറേജുകള്‍ ചൂണ്ടികാട്ടുന്നു. പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് ആയ മോത്തിലാല്‍ ഓസ്വാള്‍ ഈ ഓഹരി വാങ്ങാനാണ് ശുപാര്‍ശ ചെയ്യുന്നത്. 410 രൂപയിലേക്ക് ഓഹരി വില ഉയരുമെന്നാണ് നിഗമനം. ആഗോള ബ്രോക്കറേജ് ആയ ഗോള്‍ഡ്‌മാന്‍ സാക്‌സ് എറ്റേര്‍ണലിന്റെ ഓഹരി വാങ്ങുക എന്ന ശുപാര്‍ശയാണ് നല്‍കുന്നത്.
അതേ സമയം ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വില 390 രൂപയില്‍ നിന്ന് 375 രൂപയായി വെട്ടികുറച്ചു.






