
തിരുവനന്തപുരം: ബംപർ നറുക്കെടുപ്പ് ഒഴികെ എല്ലാ ഗവ. ലോട്ടറികളുടെയും ഒന്നാം സമ്മാനം ഒരു കോടി രൂപയും ടിക്കറ്റ് വില 50 രൂപയുമാക്കി പരിഷ്കരിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും നറുക്കെടുപ്പുണ്ട്. 40 രൂപ ടിക്കറ്റ് വിലയുള്ള ലോട്ടറിയുടെ അവസാന നറുക്കെടുപ്പ് ഇന്നലെയായിരുന്നു.
ഇനി മുതൽ ഞായറാഴ്ചകളിലെ സമൃദ്ധി ലോട്ടറിക്ക് 75 ലക്ഷം, 25 ലക്ഷം എന്നിങ്ങനെയാണ് രണ്ട്, മൂന്ന് സമ്മാനങ്ങൾ. തിങ്കളാഴ്ചയിലെ ഭാഗ്യതാര ലോട്ടറിക്ക് രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം 12 പേർക്ക് ഒരു ലക്ഷം രൂപ വീതവുമാണ്.
ചൊവ്വാഴ്ചത്തെ സ്ത്രീശക്തിക്ക് 40 ലക്ഷമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 25 ലക്ഷം. ബുധനാഴ്ച ധനലക്ഷ്മിക്ക് 50 ലക്ഷം , 20 ലക്ഷം എന്നിങ്ങനെയാണ് രണ്ട്, മൂന്ന് സമ്മാനങ്ങൾ.
വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസിനു രണ്ടാം സമ്മാനം 50 ലക്ഷം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. വെള്ളിയാഴ്ചത്തെ സുവർണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 25 ലക്ഷവും.
ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിക്ക് രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവുമാണ്. 5000, 1000, 500, 100, 50 രൂപയുടെയും സമ്മാനങ്ങളുണ്ട്.
മേയ് രണ്ടിന് നറുക്കെടുക്കുന്ന സുവർണ കേരള ലോട്ടറിയുടെ ടിക്കറ്റുകൾ വിപണിയിലെത്തി. ദിവസം 3 ലക്ഷം സമ്മാനങ്ങൾ നൽകിയിരുന്ന സ്ഥാനത്ത് ഇനി ആറര ലക്ഷം സമ്മാനങ്ങളുണ്ട്.
എന്നും മൂന്നു മണിക്കു നടത്തിയിരുന്ന നറുക്കെടുപ്പ് മേയ് 2 മുതൽ രണ്ടു മണിക്ക് ആക്കിയിട്ടുണ്ട്.






