
കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 528640.65 കോടി രൂപയായി ഉയർന്നു. 1556.29 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റാദായം 861.75 കോടി രൂപയാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന സ്ഥാനം ഫെഡറൽ ബാങ്കിന് സ്വന്തമായി.
പൊതുവെ വളർച്ച കുറയാറുള്ള ആദ്യ പാദത്തിലും കമേഴ്‌സ്യൽ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, സ്വർണ വായ്പാ എന്നീ മേഖലകളിൽ ബാങ്കിന് വളർച്ച കൈവരിക്കാനായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫീ ഇൻകം നേടാനായി. കാസാ അനുപാതവും തുടർച്ചയായി മെച്ചപ്പെട്ടു. കാർഷിക – മൈക്രോ ഫിനാൻസ് വായ്പകളിൽ ഉണ്ടായ കുടിശിക, വായ്പാ ചെലവ് വർദ്ധിക്കാനും ആസ്തി ഗുണമേന്മയെ ബാധിക്കാനും കാരണമായി. ബാങ്കിന്റെ ആകെ ബിസിനസ് 8.58 ശതമാനം വര്‍ധിച്ച് 528640.65 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിൽ 266064.69 കോടി രൂപയായിരുന്ന നിക്ഷേപം 8.03 ശതമാനം വർദ്ധനവോടെ 287436.31 കോടി രൂപയായി.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാനായി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 220806.64 കോടി രൂപയില്‍ നിന്ന് 241204.34 കോടി രൂപയായി വര്‍ധിച്ചു. 9.24 ശതമാനമാണ് വളർച്ചാ നിരക്ക്. റീട്ടെയല്‍ വായ്പകള്‍ 15.64 ശതമാനം വര്‍ധിച്ച് 81046.54 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകള്‍ 30.28 ശതമാനം വര്‍ധിച്ച് 25028 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 4.47 ശതമാനം വര്‍ധിച്ച് 83680.44 കോടി രൂപയിലും ബിസിനസ് ബാങ്കിംഗ് വായ്പകൾ 6.29 ശതമാനം വർദ്ധിച്ച് 19193.95 കോടി രൂപയിലുമെത്തി. മൊത്ത വരുമാനം 7.64 ശതമാനം വര്‍ധനയോടെ 7799.61 കോടി രൂപയിലെത്തി. 4669.66 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.91 ശതമാനമാണിത്.
വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടുള്ള പ്രവർത്തന മാതൃകയ്ക്ക് ശക്തി പകരുന്നതാണ് ആദ്യ പാദ ഫലങ്ങളെന്നും നിലവിലെ പ്രവണതകളുടെ അടിസ്ഥാനത്തിൽ, വരും ദിവസങ്ങളിൽ തിരിച്ചടവു സുഗമമാവുമെന്നാണ് പ്രതീക്ഷയെന്നും എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ പറഞ്ഞു. ആസൂത്രണം ചെയ്തത് പോലെ ഭാവി പദ്ധതികൾ പുരോഗമിക്കുന്നതോടെ റിസ്കിലും ലാഭക്ഷമതയിലും അച്ചടക്കം പാലിച്ചുകൊണ്ട് രണ്ടാം പാദത്തിൽ മികച്ച വളർച്ച കൈവരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.