
യുക്രെയ്‌നുമായി യുദ്ധം ചെയ്യുന്ന റഷ്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ നീക്കം ഇന്ത്യന്‍ കമ്പനികളെ ബാധിച്ചു തുടങ്ങി. റഷ്യന്‍ നിക്ഷേപമുള്ള നയാര എനര്‍ജി പ്രതിദിനം നാലുലക്ഷം ബാരല്‍ ക്രൂഡ്ഓയില്‍ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള റിഫൈനറിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയെയാണ് ഉപരോധം ബാധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എണ്ണശുദ്ധീകരണത്തിന്റെ എട്ടുശതമാനം ഈ റിഫൈനറിയില്‍ നിന്നായിരുന്നു. മുമ്പും യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത്ര ശക്തമായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നയാരയ്ക്കുള്ള സാങ്കേതിക സേവനങ്ങള്‍ യു.എസ് സോഫ്റ്റ്‌വെയര്‍ വമ്പന്മാരായ മൈക്രോസോഫ്റ്റ് നിര്‍ത്തിവച്ചിരുന്നു. ഇതിനെതിരേ കോടതിയില്‍ സമീപിച്ചിരിക്കുകയാണ് നയാര. ലൈസന്‍സിന് ആവശ്യമായ തുക മുന്‍കൂര്‍ അടച്ചിട്ടും തങ്ങള്‍ക്കുള്ള സേവനങ്ങള്‍ മുന്നറിയിപ്പ് പോലും നല്കാതെ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചുവെന്നും ഇതിനെതിരേ വിധി പുറപ്പെടുവിക്കണമെന്നുമാണ് നയാരയുടെ ആവശ്യം.
നയാരയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ റഷ്യന്‍ ഓയില്‍ കമ്പനിയായ റോസ്നെഫ്റ്റുമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടുത്തിടെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നയാരയ്ക്ക് രാജ്യമെമ്പാടും 6,000ത്തിലധികം പമ്പുകളാണുള്ളത്.
നയാരയുടെ വാഡിനാര്‍ റിഫൈനറി രാജ്യത്തെ രണ്ടാമത്തെ വലിയ സിംഗിള്‍ സൈറ്റ് റിഫൈനറിയാണ്. പ്രതിവര്‍ഷം 20 ദശലക്ഷം മെട്രിക് ടണ്‍ (20 MMTPA) ആണ് ഈ റിഫൈനറിയുടെ ഉല്‍പ്പാദന ശേഷി.
റഷ്യന്‍ ക്രൂഡ്ഓയില്‍ വിപണിയിലേക്ക് എത്തിയിരുന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ എണ്ണവില പിടിച്ചുനിര്‍ത്തിയിരുന്നത്. റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം ശക്തമായി തുടര്‍ന്നാല്‍ അത് രാജ്യാന്തര വിപണിയില്‍ വില ഉയരാന്‍ കാരണമാകും.
ഇന്ത്യയ്ക്ക് മറ്റ് സ്രോതസുകളില്‍ നിന്ന് എണ്ണ കണ്ടെത്തേണ്ടി വരും. മുമ്പ് ഗള്‍ഫ് രാജ്യങ്ങളെ എണ്ണയ്ക്കായി ആശ്രയിച്ചിരുന്ന ഇന്ത്യയിപ്പോള്‍ 24ലേറെ രാജ്യങ്ങളില്‍ നിന്നാണ് ക്രൂഡ് വാങ്ങുന്നത്.