
കാക്കനാട്: എറണാകുളം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ആദ്യമായി കൈവരിക്കുന്ന ജില്ലയായി പ്രഖ്യാപിച്ചു. കൃത്യമായി മോണിറ്ററിങ് നടത്തിയതിലൂടെയാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായതെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ അറിയിച്ചു.
ജില്ലയിലെ 8,36,648 കുടുംബങ്ങളിൽ സർവേ നടത്തിയതിൽ 1,92,883 പേരെ ഡിജിറ്റൽ നിരക്ഷരരായി കണ്ടെത്തുകയും അവരെ വിവിധ സന്നദ്ധ സംഘടനകൾ, കോളേജുകൾ, കുടുംബശ്രീ, സാക്ഷരതാ മിഷൻ തുടങ്ങിയ എല്ലാ മേഖലകളിലെയും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരരാക്കാൻ സാധിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ സർവേ നടത്തിയത് കൊച്ചി കോർപ്പറേഷൻ ആണ്; 1,47,392 പേർ. ഏറ്റവും കൂടുതൽ പഠിതാക്കളും കൊച്ചി കോർപ്പറേഷനിൽ തന്നെ; 11,958 പേർ. മുനിസിപ്പാലിറ്റി തലത്തിൽ കൂടുതൽ സർവേ നടത്തിയത് തൃപ്പൂണിത്തുറയാണ് – 24,438 പേർ.
മുനിസിപ്പാലിറ്റി തലത്തിൽ കൂടുതൽ പഠിതാക്കൾ കളമശ്ശേരി നഗരസഭയിൽ ആയിരുന്നു, 5938 പേർ.
ഗ്രാമപ്പഞ്ചായത്ത് തലത്തിൽ കൂടുതൽ സർവേ നടത്തിയത് എടത്തലയാണ്-15,270. ഈ പഞ്ചായത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ പഠിതാക്കളും ഉണ്ടായിരുന്നത്; 7309 പേർ. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ നഗരസഭയായി മൂവാറ്റുപുഴ നഗരസഭയും ആദ്യ പഞ്ചായത്തായി ആയവന പഞ്ചായത്തും ഓഗസ്റ്റ് 14- ന് പ്രഖ്യാപനം നടത്തിയിരുന്നു.
ഡി.ജി. കേരളം പദ്ധതിയിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യത്തെ നിയോജകമണ്ഡലം മൂവാറ്റുപുഴയാണ്. സെപ്റ്റംബർ 30-ന് പ്രഖ്യാപനം നടത്തിയിരുന്നു.
അശമന്നൂർ ഗ്രാമപ്പഞ്ചായത്തിലെ അബ്ദുള്ള മൗലവി (99 വയസ്സ്) ജില്ലയിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഏറ്റവും പ്രായം കൂടിയ പഠിതാവായി.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജെ. ജോയ്, ഡെപ്യൂട്ടി ഡയറക്ടർ വിധു എ. മേനോൻ, ജില്ലാ സാക്ഷരത മിഷൻ കോഡിനേറ്റർ വി.വി. ശ്യാംലാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.എം. റെജീന, ടൗൺപ്ലാനർ മിറ്റ്സി തോമസ്, അസിസ്റ്റൻറ് ഡയറക്ടർ സുബ്രഹ്മണ്യൻ, കമ്മ്യൂണിറ്റി ഡിവലപ്മെന്റ് എക്സ്പർട്ട് അമൃത മുരളി തുടങ്ങിയവർ പങ്കെടുത്തു.