
ന്യൂഡല്‍ഹി: ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി തിങ്കളാഴ്ച ലിമിറ്റഡ് പര്‍പ്പസ് ക്ലിയറിംഗ് കോര്‍പ്പറേഷനായി (എല്‍പിസിസി) ഒരു തര്‍ക്ക പരിഹാര സംവിധാനം ഏര്‍പ്പെടുത്തി. ക്ലിയറിംഗ് അംഗങ്ങള്‍ തമ്മിലുള്ളതും ക്ലിയറിംഗ് അംഗങ്ങളും അവരുടെ ക്ലയന്റുകളും തമ്മിലുള്ളതും എല്‍ പി സി സിയും അതിന്റെ വില്‍പ്പനക്കാരും തമ്മിലുള്ളതും ക്ലിയറിംഗ് അംഗങ്ങളും അതിന്റെ ക്ലയന്റുകളും എല്‍ പി സി സിയും തമ്മിലുള്ളതും ഉള്‍പ്പടെയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ഇത് പ്രകാരം എല്‍പിസിസി തര്‍ക്ക പരിഹാര സെല്‍ രൂപീകരിക്കേണ്ടതുണ്ട്.
തര്‍ക്കങ്ങള്‍ അനുരഞ്ജനത്തിലൂടെയും ആര്‍ബിട്രേഷന്‍ പാനലിലൂടെയും പരിഹരിക്കണം. പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.പുതിയ ചട്ടക്കൂട് ഉടന്‍ പ്രാബല്യത്തില്‍ വരും.
നേരത്തെ എല്‍പിസിസി സെറ്റില്‍മെന്റ് ഗ്യാരന്റ് ഫണ്ട് നിര്‍മ്മിക്കാന്‍ സെബി എക്‌സ്‌ചേഞ്ചുകളെ ചുമതലപ്പെടുത്തിയിരുന്നു. ഡെബ്റ്റ് സെക്യൂരിറ്റി ഇഷ്യു ചെയ്യുന്നവരില്‍ നിന്നും മുന്‍കൂറായി പണം സ്വരൂപിച്ചാണ് ഫണ്ട് രൂപീകരിക്കുക. പുനര്‍ വാങ്ങല്‍ കരാര്‍ ഇടപാടുകള്‍ (റീ പര്‍ച്ചേസിംഗ് കരാറുകള്‍) തീര്‍പ്പാക്കുന്ന സ്ഥാപനമാണ് എല്‍ പി സി സി.