ഡിസ്‌കൗണ്ട് ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സ്‌കൈ (Sky) പുറത്തിറക്കി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് (HDFC Securities). സെറോദ (Zerodha), ഗ്രോ (Groww), ഏഞ്ചൽ വൺ (Angel One), അപ്സ്റ്റോക്‌സ് (Upstox) തുടങ്ങിയ സ്ഥാപിത കളിക്കാരുമായുള്ള മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
സെഗ്മെന്റുകളിലുടനീളമുള്ള ഇൻട്രാഡേ, ഡെലിവറി ഇടപാടുകൾ സ്‌കൈയിൽ സാധ്യമാകും. ട്രേഡിന് 20 രൂപ നിരക്കിലാണ് ബ്രോക്കറേജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
പ്രതിവർഷം 12 ശതമാനം നിരക്കിൽ മാർജിൻ ട്രേഡിംഗ് ഫെസിലിറ്റിയും (MTF) പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ സ്റ്റോക്കുകൾ, ഇടിഎഫുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഫ്യൂച്ചറുകൾ, ഓപ്ഷനുകൾ, കറൻസികൾ, ചരക്കുകൾ, ഐപിഒകൾ, ആഗോള ഇക്വിറ്റികൾ എന്നിവയുൾപ്പെടെ വിപുലമായ നിക്ഷേപ, ട്രേഡിംഗ് ഓഫറുകളിലേക്കുള്ള ആക്സസ് ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യയാകും സ്‌കൈയെ വിപണികളിലെ മറ്റു പ്ലാറ്റ്‌ഫോമുകളിൽ നിന്നു വേറിട്ടതാക്കുകയെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടർ ധീരജ് റെല്ലി പറഞ്ഞു.
കഴിഞ്ഞ വർഷം കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കൊട്ടക് ഇൻവെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ‘കൊട്ടക് ചെറി’ എന്നി ഡിസ്്കൗണ്ട് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരുന്നു. 2020 ൽ ഷെയർഖാനും ‘എസ്‌പ്രെസോ’ പ്ലാറ്റ്‌ഫോമുമായി രംഗപ്രവേശം ചെയ്തിരുന്നു.
രാജ്യത്തെ വർധിച്ചുവരുന്ന ഓഹരി വിപണി ഇടപാടുകളാണ് സ്ഥാപനങ്ങളെ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
കൊവിഡ് മുതൽ ഇങ്ങോട്ട് ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലധികം വൻ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എച്ച്ഡിഎഫ്‌സി സ്‌കൈ പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യം നിക്ഷേപത്തിലെ സങ്കീർണത ലളിതമാക്കുകയാണ്.
നിലവിൽ വിപണികളിലെ എണ്ണമറ്റ ഓപ്ഷനുകളിൽ നിക്ഷേപകർ ആശയക്കുഴപ്പത്തിലാണെന്നു വിദഗ്ധർ പറയുന്നു.
വിവിധ അസറ്റ് ക്ലാസുകൾക്കുള്ള ഓൾ ഇൻ വൺ ആപ്പായാകും സ്‌കൈ പ്രവർത്തിക്കുക. സൗജന്യ ഇൻ ഹൗസ് റിസർച്ച്, മത്സരാധിഷ്ഠിത വിലനിർണയമുള്ള ഒരു സമർപ്പിത MTF ഇക്കോസിസ്റ്റം, തടസരഹിത യുഐ, വ്യക്തിഗത വാച്ച്ലിസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ ശ്രദ്ധേയമാകും.
ഓപ്ഷൻ ചെയിൻ, എച്ച്ഡിഎഫ്സി സ്‌കൈ ലേൺ ഓപ്ഷൻ, മ്യൂച്വൽ ഫണ്ടുകളുടെ താരതമ്യം എന്നിവ നിക്ഷേപകർക്കു നേട്ടമാകുമെന്നു കരുതുന്നു.