
മുംബൈ: ഫെബ്രുവരിയില്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങ(ഡിഐഐ)ളുടെ ഓഹരി നിക്ഷേപം 10 മാസത്തെ താഴ്‌ന്ന നിലയിലെത്തി. ഓഹരി വിപണി കഴിഞ്ഞ ഒന്നര വര്‍ഷമായി ചാഞ്ചാടുന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഉയര്‍ന്ന നേട്ടം നല്‍കുന്ന സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ താല്‍പ്പര്യം കാട്ടിയത് മൂലം ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം കുറഞ്ഞു.
മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ ഇതുവരെ 26,130 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. കഴിഞ്ഞ മൂന്ന് മാസ കാലയളവില്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ പ്രതിമാസം 69.000 കോടി രൂപ മുതല്‍ 79,000 കോടി രൂപ വരെ നിക്ഷേപിച്ചിരുന്നു.
അതേ സമയം ഓഹരി വിപണിയിലെ കടുത്ത ചാഞ്ചാട്ടം, അസാധാരണമായ കുതിച്ചുചാട്ടം നടത്തിയ സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപം ഉയരാന്‍ വഴിവെച്ചതിനെ തുടര്‍ന്ന് ഇക്വിറ്റി ഫണ്ട് നിക്ഷേപം കുറഞ്ഞു. ഗോള്‍ഡ്, സില്‍വര്‍ സ്‌കീമുകളില്‍ ഇക്വിറ്റി ഫണ്ടുകളിലേതിനേക്കാള്‍ ഉയര്‍ന്ന നിക്ഷേപമെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.






