സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ദേശീയ, അന്തർദേശീയ തലത്തിൽ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നൽകുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ഇൻ ആയുഷിന് (NITIA) കേന്ദ്രാനുമതി ലഭ്യമായി. 79 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതൽ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ/എയ്ഡഡ് ആയുഷ് മെഡിക്കൽ കോളേജുകൾക്കും അവശ്യമരുന്നുകൾ ലഭ്യമാക്കാനും ഗുണനിലവാര മാനദന്ധങ്ങളനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭ്യമാക്കും. താത്കാലിക ആയുഷ് ഡിസ്പെൻസറികൾ ഉൾപ്പെടെ എല്ലാ സർക്കാർ ആയുഷ് ചികിത്സാ സ്ഥാപനങ്ങൾക്കും അവശ്യമരുന്നുകളും കണ്ടിജൻസി ഫണ്ടുകളും ലഭ്യമാക്കും.
നിർണയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സർക്കാർ ലബോറട്ടറികൾക്ക് 20 ലാബ് ജീവനക്കാരുടെ സേവനം ലഭ്യമാക്കും.
ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഹബ് ആന്റ് സ്‌പോക്ക് മാതൃകയിൽ ലബോറട്ടറി സേവനങ്ങൾ ഒരുക്കും. 4000 ത്തിലധികം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആയുഷ് ആരോഗ്യ പ്രവർത്തകരുടെ വിവിധ പരിശീലനങ്ങൾക്കായും തുക വകയിരുത്തി.
സംസ്ഥാനത്ത് ആദ്യമായി ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വം, അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയ ‘കായകൽപ്പ്’ അവാർഡ് നടപ്പിലാക്കും.
എൻഎബിഎച്ച് ഗുണനിലവാര പ്രക്രിയയുടെ രണ്ടാം ഘട്ടമായി 150 ആയുഷ് സർക്കാർ ഡിസ്പെൻസറികളും ആറ് സർക്കാർ ആയുഷ് ആശുപത്രികളും സജ്ജമാക്കും.
ആയുഷ് മേഖലയിലെ സിദ്ധ, യുനാനി ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തും. ആയുഷ് മേഖലയിലെ ഗുണഫലങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയർ സേവനങ്ങൾ, സ്‌കൂൾ ഹെൽത്ത് സേവനങ്ങൾ, കൂടുതൽ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്നിവ സജ്ജമാക്കും.
ആയുഷിലൂടെ വയോജന ആരോഗ്യപരിപാലനം ഉറപ്പാക്കുവാനായി എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ആയുഷ് വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങൾക്കും ഈ പദ്ധതി അംഗീകാരങ്ങളുടെ ഗുണഫലങ്ങൾ ഉണ്ടാകും.
ഇതിലൂടെ കേരളത്തിലെ ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടെയുള്ള ആയുഷ് ചികിത്സാ ശാഖകൾ മുഖേന കൂടുതൽ ശാസ്ത്രീയവും ഗവേഷണാടിസ്ഥാനത്തിലുമുള്ള സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ സാധിക്കും.
ദേശീയ ആയുഷ് മിഷൻ മുഖേനയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.