
ന്യൂഡൽഹി: അപൂർവ ധാതുക്കൾ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും തിരിച്ചടി നൽകി ചൈന. രാജ്യത്ത് ലഭ്യമായ അപൂർവ ധാതുക്കൾ സംസ്കരിക്കാനുള്ള ശ്രമമാണ് പ്രതിസന്ധിയിലായത്. അപൂർവ ധാതുക്കൾ സംസ്കരിക്കാനും ടെക് വ്യവസായത്തിന് വേണ്ട ഘടകങ്ങൾ നിർമിക്കാനും ആവശ്യമായ ഉപകരണങ്ങളുടെ കയറ്റുമതി ചൈന നിർത്തിയതാണ് തടസ്സമായത്.
ആഭ്യന്തര വിപണിയിൽ അപൂർവ ധാതുക്കൾ സംസ്കരിക്കാൻ രാജ്യം 7300 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഇരുട്ടടി. നിലവിൽ ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഈ ഉപകരണങ്ങൾ ലഭ്യമാണെങ്കിലും വാങ്ങാനുള്ള ചെലവ് ആഭ്യന്തര സംസ്കരണ വ്യവസായ മേഖലക്ക് താങ്ങാൻ കഴിയില്ല.
ലോകത്ത് ഏറ്റവും കൂടുതൽ അപൂർവ ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് ചൈന. ലഭ്യമായ 61 ശതമാനം അപൂർവ ധാതുക്കളിൽ 92 ശതമാനവും ചൈന സംസ്കരിക്കുന്നെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്ക്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സംസ്കരണത്തിനുള്ള ഉപകരണങ്ങൾക്ക് ചൈനയിൽ വില വളരെ കുറവായിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, ഡ്രോണുകൾ, വ്യവസായ യന്ത്രങ്ങൾ തുടങ്ങിയ മിക്കതും നിർമിക്കണമെങ്കിൽ അപൂർവ ധാതുക്കൾ അത്യാവശ്യമാണ്. എന്നാൽ, ഇവയുടെ കയറ്റുമതി ചൈന നിർത്തിയതോടെ ആഭ്യന്തര വ്യവസായ മേഖല ആശങ്കയിലാണ്. പ്രതിസന്ധി മറികടക്കാൻ ഇന്ത്യ നീക്കം തുടങ്ങിയതിന് പിന്നാലെ സംസ്കരണ ഉപകരണങ്ങളുടെ കയറ്റുമതിയും ചൈന നിർത്തുകയായിരുന്നു. ചൈനയുടെ വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
അപൂർവ ധാതുക്കൾ വേർതിരിച്ചെടുക്കാനുള്ള സെൻട്രി ഫ്യൂഗൽ ഉപകരണങ്ങും മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സെൻസറുകളും അടക്കമുള്ളവയുടെ കയറ്റുമതി നിരോധിക്കുകയാണെന്നാണ് ചൈനയുടെ സെക്യൂരിറ്റി ബ്യൂറോ ആൻഡ് കൺട്രോൾ ഉത്തരവിൽ പറയുന്നത്. ഇത്തരം ഉപകരണങ്ങൾ കയറ്റുമതി ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണമെന്നും സൈനിക ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
അപൂർവ ധാതുക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കാണ് ചൈനയുടെ നടപടി തിരിച്ചടിയായതെന്ന് വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ജർമനിയിൽനിന്നും ജപ്പാനിൽനിന്നും ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് അപൂർവ ധാതുക്കൾ സംസ്കരിക്കുന്നത് സാമ്പത്തികമായി പ്രായോഗികല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
അപൂർവ ധാതുക്കളുടെ സംസ്കരണ യൂനിറ്റുകളും വിതരണ ശൃംഖലകളും സ്ഥാപിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി ഈ മാസം ആദ്യത്തിലാണ് കേന്ദ്ര സർക്കാർ തയാറാക്കിയത്.






