
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം കുറവു വരുത്തിയതുകൊണ്ടുണ്ടായ 21,000 കോടി രൂപയുടെ കമ്മി പരിഹരിക്കാനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. 17,000 കോടി രൂപ നേരിട്ട് കടമെടുപ്പ് പരിധിയിൽ വരുത്തിയ കുറവാണ്.
ഇതിനു പുറമേയാണ് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഎസ്ഡിപി) കണക്കാക്കുന്നതിലെ വ്യത്യാസം മൂലമുണ്ടായ 4,250 കോടി രൂപയുടെ നഷ്ടം. ജിഎസ്ഡിപി കണക്കാക്കുന്നതിൽ 15–ാം ധനകാര്യകമ്മിഷന്റെ ശുപാർശയിൽനിന്നു വ്യത്യസ്തമായ രീതിയാണ് കേന്ദ്രം പിന്തുടർന്നതെന്നു മന്ത്രി പറഞ്ഞു. ഇതിനു മുൻകാല പ്രാബല്യം കൂടി പരിഗണിച്ചാൽ കേരളത്തിന് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നും വ്യക്തമാക്കി.
മറ്റ് ആവശ്യങ്ങൾ
∙ വിഴിഞ്ഞം, ചവറ, കൊച്ചി എന്നീ സ്ഥലങ്ങൾ ബന്ധിപ്പിച്ച് റെയർ എർത്ത് മാഗ്നറ്റ് ഉൽപാദനത്തിനായി ഇടനാഴി സ്ഥാപിക്കുന്നതിന് 1,000 കോടി രൂപ. കേരളത്തിന്റെ തീരത്ത് ഏകദേശം 3.2 കോടി മെട്രിക് ടൺ ധാതുമണൽ ശേഖരമുണ്ട്. ഇതിൽ 19 ലക്ഷം ടൺ മോണസൈറ്റ് നിക്ഷേപമാണ്. മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കളിമണ്ണും മറ്റ് മാലിന്യങ്ങളും ചേരാത്തതിനാൽ ഇവ വേർതിരിച്ചെടുക്കാനും എളുപ്പമാണ്.
∙ ഏഴിമല നാവിക അക്കാദമി, കൊച്ചിൻ ഷിപ്പ്‍യാർഡ്, ബ്രഹ്മോസ് എയറോസ്പേസ് തുടങ്ങിയവ ബന്ധിപ്പിച്ച് കേരളത്തിൽ പ്രതിരോധ ഗവേഷണ ഇടനാഴി.
∙ ശബരി റെയിൽപാത പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുക. ഇത് കൊല്ലം– ചെങ്കോട്ട റെയിൽപാത വരെ നീട്ടുകയും വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുകയും വേണം.
∙ കേരളത്തിന് എയിംസ് എന്ന ദീർഘകാലമായുള്ള ആവശ്യം യാഥാർഥ്യമാക്കുക.
∙ കേന്ദ്രസർക്കാരുമായി ചേർന്ന് 1,000 കോടി രൂപയുടെ റബർ വിലസ്ഥിരതാ ഫണ്ട്. നിലവിൽ സംസ്ഥാനം താങ്ങുവിലയായി നൽകുന്ന 200 രൂപ 250 രൂപയാക്കാൻ കേന്ദ്രസഹായം.
∙ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ കേന്ദ്ര–സംസ്ഥാന വിഹിതത്തിന്റെ അനുപാതം 60:40 ആക്കിയത് ഒഴിവാക്കി പഴയ രീതിയിലേക്കു തിരിച്ചുപോവുക.
∙ മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം 60 ശതമാനമായത് 75 ശതമാനമാക്കി ഉയർത്തുക.
∙ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്ക് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ(എഫ്‍സിഐ) നിന്ന് കുടിശകയായി ലഭിക്കാനുള്ള 2,000 കോടി രൂപ നൽകുക.
∙ ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ ഓണറേറിയം വർധിപ്പിക്കുക.
∙ വന്യജീവി ആക്രമണങ്ങൾ ചെറുക്കാൻ 1,000 കോടി രൂപയുടെ പദ്ധതി.
∙ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് റെയിൽ കണക്ടിവിറ്റി, ഗ്രീൻ ഹൈഡ്രജൻ ഹബ്, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, സീഫൂഡ് പാർക്ക്, മദർഷിപ് ബിൽഡിങ് തുടങ്ങിയവയ്ക്ക് കേന്ദ്രസഹായം. ഭാരത്‍മാല പദ്ധതിയിൽ വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തുക.
∙ ജിഎസ്ടി നിരക്കുപരിഷ്കരണവുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ നികത്താൻ സംസ്ഥാനങ്ങൾക്ക് വരുമാന സംരക്ഷണ സംവിധാനം രൂപീകരിക്കുക.






