
ന്യൂഡല്‍ഹി: കണ്ണൂർ എയർപോർട്ടില്‍ ചരക്കു നീക്കത്തിന് ഇടാക്കിയിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ്(സി.സി.ആർ.സി) ഒഴിവാക്കി. കണ്ണൂരിനെ കാർഗോ ഹബാക്കി മാറ്റുന്നതിന് നിരക്ക് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ മേയില്‍ ധനമന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു.
ആവശ്യം അംഗീകരിച്ച കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയുടെ കത്ത് കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസിന് കൈമാറി. കേന്ദ്ര സിവില്‍ ഏവിയേഷൻ വകുപ്പുമായി ചർച്ച ചെയ്ത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കെ.വി. തോമസ് അറിയിച്ചു.
വിമാനത്താവളത്തിലെ കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള നിരക്കാണ് സി.സി.ആർ.സിയായി ഈടാക്കുന്നത്.
അന്തർദേശീയ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ ഇറക്കാൻ അനുവാദം നല്‍കണമെന്ന് ധന മന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്‌ചയില്‍ കെ.വി.തോമസ് ആവശ്യപ്പെട്ടു.
സെപ്‌തംബറിലെ കേന്ദ്ര മന്ത്രിസഭയുടെ സബ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.