
വാഷിംഗ്‌ടൺ: ക്രിപ്‌റ്റോകറൻസിയ്‌ക്കായി മാതൃകാപരമായ പ്രവർത്തന നടപടിക്രമങ്ങൾ വികസിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു, ഇതിനായി സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഒരു ക്രിപ്റ്റോ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കും.
2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ ഒരു വർഷത്തേക്ക് ഇന്ത്യ ജി 20 യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. ക്രിപ്റ്റോകളെ നിയന്ത്രിക്കാനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കൽ ജി 20 അജണ്ടയുടെ ഒരു ഭാഗമാക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവക്കായി ക്രിപ്‌റ്റോകറൻസികളെ ഉപയോഗിക്കുന്നതുകൊണ്ട് ഒരു ആഗോള നിയന്ത്രണത്തിനായാണ് ഇന്ത്യയും ശ്രമിക്കുന്നത്.
ജി-20യുമായോ ലോകബാങ്കുമായോ അത്തരത്തിലുള്ള ഏതെങ്കിലും സംഘടനയുമായോ ബന്ധമുള്ള സ്ഥാപനങ്ങൾ, ക്രിപ്‌റ്റോകറൻസികളുമായോ ക്രിപ്‌റ്റോ ആസ്തികളുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വന്തം വിലയിരുത്തലും പഠനവും നടത്തുന്നത് ഒരുമിച്ചു ചേർത്താണ് ചട്ടക്കൂട് വികസിപ്പിക്കുക.
ഇപ്പോൾ നിയന്ത്രണം ഫലപ്രദമല്ല
ഇപ്പോഴത്തെ അവസ്ഥയിൽ ക്രിപ്‌റ്റോയെ ഒരു രാജ്യത്തിനും ഫലപ്രദമായി കൈകാര്യം ചെയ്യാനോ നിയന്ത്രിക്കാനോ കഴിയില്ലെന്ന് സീതാരാമൻ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അടുത്തിടെ ഇന്ത്യയിൽ, ക്രിപ്‌റ്റോ അസറ്റുകൾ, ആസ്തികളുടെ വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ, ഗണ്യമായ കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവ കണ്ടെത്തിയതിന്റെ ഉദാഹരണം അവർ നൽകി.






