
കൊച്ചി: കേരളത്തിലെ വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയും കൈകോർക്കുന്നു. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്‌സിന് കീഴിലുള്ള നോവയ്ക്ക് നിലവിൽ 70 നഗരങ്ങളിലായി 120 കേന്ദ്രങ്ങളുണ്ട്.
അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ കേരളത്തിലുടനീളം 10 അത്യാധുനിക ഐ.വി.എഫ് സെന്ററുകൾ തുറക്കുന്നതിലൂടെ സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. നിലവിൽ കൊച്ചി, കൊടുങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഇരു സ്ഥാപനങ്ങൾക്കും സാന്നിധ്യമുണ്ട്.
കേരളത്തിൽ ക്രാഫ്റ്റ് ഫെർട്ടിലിറ്റിക്കുള്ള ശക്തമായ ക്ലിനിക്കൽ പാരമ്പര്യവും, നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയുടെ ദേശീയ ശൃംഖലയും അത്യാധുനിക സാങ്കേതിക വിദ്യയും ഒത്തുചേരുന്നതാണ് ഈ സഹകരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.വി.എഫ് ലാബ് സംവിധാനങ്ങൾ, ഭ്രൂണ തിരഞ്ഞെടുപ്പിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന രീതികൾ എന്നിവ വഴി മികച്ച ചികിത്സാ ഫലങ്ങൾ ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും.
രാജ്യത്ത് പ്രതിവർഷം മൂന്ന് ലക്ഷത്തോളം ഐ.വി.എഫ് ചികിത്സകൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഐ.വി.എഫ് ഇന്ന് കൂടുതൽ ജനകീയമായി മാറിക്കഴിഞ്ഞു. വിട്രിഫിക്കേഷൻ, പി.ജി.ടി, എ.ഐ അധിഷ്ഠിത ഭ്രൂണ തിരഞ്ഞെടുപ്പ് തുടങ്ങിയ നൂതന രീതികൾ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി.
ഓരോ രോഗിയുടെയും ശാരീരിക അവസ്ഥ പരിഗണിച്ചുള്ള ചികിത്സാ രീതികൾ ഇന്ന് മികച്ച ഫലം നൽകുന്നുണ്ട്.






