Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ആഗോള എണ്ണ വില കത്തിയാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഗുരുതര ആഘാതമെന്ന് ആശങ്ക

ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നത് പൂർണമായും അവസാനിപ്പിക്കുന്നത് ഭാവിയിൽ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക.

യുക്രെയ്നുമായുള്ള യുദ്ധത്തെത്തുടർന്ന് റഷ്യയ്ക്കുമേൽ കടുത്ത ഉപരോധങ്ങളുണ്ടായ കാലത്തായിരുന്നു അവരിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ വർധിപ്പിച്ചത്. അക്കാലത്ത് 20% നിരക്കിളവിലാണു റഷ്യ ക്രൂഡ് ഓയിൽ തന്നിരുന്നത്. എന്നാൽ, പിന്നീട് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞു.

ഇതോടെ നിലവിൽ റഷ്യയെ കൈവിട്ടാലും ഇന്ത്യയ്ക്ക് കനത്ത നഷ്ടം സംഭവിക്കില്ല. യുഎസ് ചുമത്തിയ പകരം തീരുവ 18 ശതമാനമായി കുറയുമ്പോഴുണ്ടാകുന്ന നേട്ടവും ക്രൂഡ് ഓയിൽ ഇറക്കുമതിവഴി സംഭവിക്കാവുന്ന നഷ്ടം നികത്താൻ ഇന്ത്യയെ സഹായിക്കും.

ക്രൂഡ് ഓയിൽ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളിലെ മാറ്റം നിലവിൽ രാജ്യത്തെ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം തുടങ്ങിയവയുടെ വിലയിലും കാര്യമായ ചലനമുണ്ടാക്കില്ല. എന്നാൽ ഭാവിയിൽ ആഗോള വിപണിയിൽ ക്രൂഡ് വിലയിൽ വലിയ ചാഞ്ചാട്ടങ്ങളുണ്ടായാൽ അത് ഇന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു. വിലയിൽ ഇടയ്ക്കിടെ മാറ്റം വരുത്തി ഇന്ത്യയെ സമ്മർദത്തിലാക്കാതെ ക്രൂഡ് ഓയിൽ നൽകിക്കൊണ്ടിരിക്കുന്ന രാജ്യമാണ് റഷ്യ.

ഒപെക് രാജ്യങ്ങൾ ഇടയ്ക്കിടെ വിലയിൽ വരുത്താറുള്ള മാറ്റവും വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക ട്രംപ് ആയിരിക്കും എന്നതും ഭാവിയിൽ വിലയുടെ കാര്യത്തിൽ വലിയ ചാഞ്ചാട്ടങ്ങൾക്കു കാരണമായേക്കും. ഇന്ത്യ റഷ്യയെ പൂർണമായും കൈവിട്ട്, മറ്റു രാജ്യങ്ങളിലേക്കു തിരിയുന്നത് ആഗോള വിലയിലും കുതിപ്പുണ്ടാക്കാനിടയുണ്ട്. രൂപയിലായിരുന്നു ഇടപാട് എന്നതും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് നേട്ടമായിരുന്നു.

യുഎസുമായുള്ള ചർച്ചകൾ തുടങ്ങിയതുമുതൽ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ പടിപടിയായി കുറച്ചിരുന്നു. കഴിഞ്ഞ ജൂണിൽ 20 ലക്ഷം ബാരൽ കൊണ്ടുവന്നിരുന്ന ഇന്ത്യൻ കമ്പനികൾ നവംബറിൽ ഇത് 17.7 ലക്ഷം ബാരലായും ഡിസംബറിൽ 12 ലക്ഷം ബാരലായും കുറച്ചു.

വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതു സംബന്ധിച്ചും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. നിലവിൽ റഷ്യയിൽ നിന്നും ഒപെക് രാജ്യങ്ങളിൽ നിന്നുമുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ പറ്റുന്ന തരത്തിലാണ് ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകൾ ക്രമീകരിച്ചിരിക്കുന്നത്.

വെനസ്വേലയിൽ നിന്നുള്ള എണ്ണയിലെ ഘടകങ്ങളിൽ വ്യത്യാസമുള്ളതുകൊണ്ട് ശുദ്ധീകരണശാലകളിലും മാറ്റങ്ങൾ വേണ്ടിവരും.

X
Top