
മുംബൈ: ചെറുകിട നിക്ഷേപകരുടെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും എംപ്ലോയീ സ്റ്റോക്ക് ഓപ്ഷനുകളുടെ (ESOPs) ഉപയോഗം മെച്ചപ്പെടുത്തുന്നതിനുമായി കമ്പനി നിയമം ഭേദഗതി ചെയ്തേക്കും. ‘ഫ്രാക്ഷണല്‍ ഓഹരികള്‍’ക്ക് നിയമപരമായ അംഗീകാരം നല്‍കാനും കോര്‍പ്പറേറ്റ് നിയമ (ഭേദഗതി) ബില്‍ വ്യവസ്ഥ ചെയ്യുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റെസ്ട്രിക്റ്റഡ് സ്റ്റോക്ക് യൂണിറ്റുകള്‍ (RSUs), സ്റ്റോക്ക് അപ്രീസിയേഷന്‍ റൈറ്റ്സ് (SARs) പോലുള്ള ജീവനക്കാരുടെ ആനുകൂല്യ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനും നിര്‍ദ്ദേശമുണ്ട്. ചെറുകിട നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വിലയുള്ള ഓഹരികള്‍ ലഭ്യമാക്കാനും ഇന്ത്യയുടെ കമ്പനി നിയമ ചട്ടക്കൂടിനെ വികസിത വിപണികളുമായി ഒരുമിപ്പിക്കാനും ഈ ഭേദഗതികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഓഹരി പല അംശങ്ങളായി വീതിച്ച് നിക്ഷേപം നടത്താനുള്ള അവസരമാണ് ഫ്രാക്ഷണല്‍ ഷെയര്‍ അനുവദിക്കുന്നതിലൂടെ ലഭിക്കുക. അതായത് ഓഹരിയുടെ വില 100 രൂപയാണെങ്കില്‍ 10 രൂപ മുടക്കിയാല്‍ 0.10 ശതമാനം നിക്ഷേപം നടത്താം. റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായി ഇതിനെ കാണാം. ഉയര്‍ന്ന മൂല്യമുള്ള ഓഹരികളുടെ ഇടപാട് വര്‍ധിപ്പിക്കാനും അതിലൂടെ ലിക്വിഡിറ്റി കൂട്ടാനും പുതിയ വ്യവസ്ഥകള്‍ ഉപകരിക്കും.
ചില കമ്പനികള്‍ നിലവില്‍ ഇത്തരത്തില്‍ ഓഹരികള്‍ കൈമാറാറുണ്ടെങ്കിലും കമ്പനീസ് ആക്ട് പ്രകാരം അനുമതിയില്ല. ഇത്തരം സാഹചര്യത്തില്‍ കമ്പനി ബോര്‍ഡ് നിയമിക്കുന്ന ട്രസ്റ്റിയാകും ഈ ഓഹരികള്‍ കൈവശം വെക്കുക. ട്രസ്റ്റി ഈ ഓഹരികള്‍ അനുയോജ്യമായ സമയത്ത് വിപണിയില്‍ വിറ്റ് തുക ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യും.
പുതിയ വ്യവസ്ഥ പ്രാബല്യത്തിലായാല്‍ കമ്പനികള്‍ക്ക് ഫ്രാക്ഷണല്‍ ഓഹരികള്‍ കൈവശംവെക്കാനും പുതിയതായി പുറത്തിറക്കാനും അനുമതി ലഭിക്കും. ലിസ്റ്റ് ചെയ്ത കമ്പനിയുടെ കാര്യത്തില്‍ സെബിയുമായി ചര്‍ച്ചചെയ്താകും തീരുമാനമെടുക്കുക.
നിലവില്‍ യുഎസ്, ജപ്പാന്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഗിഫ്റ്റ് സിറ്റിയിലെ എന്‍എസ്ഇ ഐ.എഫ്.എസ്.എസ്.സി എക്സ്ചേഞ്ചിലും ഫ്രാക്ഷണല്‍ ഓഹരികളുടെ വ്യാപാരം നടക്കുന്നുണ്ട്.






