
പൂച്ചാക്കൽ: ഭക്ഷ്യോത്പാദന രംഗം വളർച്ച പ്രാപിക്കണമെങ്കിൽ ആഭ്യന്തര വിപണിയും വിദേശ വ്യാപാരവും ഒരേപോലെ ശക്തിപ്രാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേർത്തല പള്ളിപ്പുറത്ത് കെ.എസ്.ഐ.ഡി.സിയുടെ മെഗാ ഫുഡ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവർഷം 18,000 ടൺ സമുദ്രോത്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്‌തത്. ഇതിൽ 16 ശതമാനം കേരളത്തിന്റെ വിഹിതമാണ്. മത്സ്യബന്ധനത്തിൽ മുന്നിലുള്ള നോർവേ പോലുള്ള രാജ്യങ്ങളുടെ മാതൃകയിൽ മത്സ്യബന്ധനരീതി ശാസ്ത്രീയമായി മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കയറ്റുമതിക്കുള്ള ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ലബോറട്ടറികൾ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഒരുക്കും. വേമ്പനാട് കായൽ മാലിന്യമുക്തമാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് ഓൺലൈനിലൂടെ പങ്കെടുത്തു. മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി. എ.എം.ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കളക്ടർ ഹരിത വി.കുമാർ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് എന്നിവർ പങ്കെടുത്തു.
കയർ മേഖലയിലെ പ്രശ്‌നം ഗൗരവമായി കാണും
കയർ കയറ്റുമതിയിൽ കേരളം പിന്നിലായത് സർക്കാർ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയിൽ അയൽസ്ഥാനങ്ങൾ വലിയ നേട്ടമാണുണ്ടാക്കിയത്. കേരം തിങ്ങിയ നാടാണ് കേരളമെങ്കിലും നാളികേര ഉത്പാദനത്തിൽ പിന്നിലാണ്.
ഇതിനൊക്കെ പരിഹാരമുണ്ടാക്കാനാനുള്ള ശ്രമത്തിലാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ഗുണനിലവാരത്തോടെ നിർമ്മിക്കാനും സാധിക്കണം.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തയ്യാറായാലേ മത്സരങ്ങളെ അതിജീവിക്കാൻ സാധിക്കുകയുള്ളുവെന്നും പിണറായി പറഞ്ഞു.