Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി റെക്കോർഡിട്ട് ചൈന

ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ‘വഴങ്ങി’ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ ഏറക്കുറെ നിർത്തിയതോടെ, രക്ഷാദൗത്യവുമായി ചൈന. ഫെബ്രുവരിയിൽ‌ ഇതുവരെ പ്രതിദിനം ശരാശരി 20 ലക്ഷത്തിലേറെ ബാരൽ റഷ്യൻ എണ്ണയാണ് ചൈന വാങ്ങിയത്. ഇത് റെക്കോർഡാണ്. ചൈനീസ് കമ്പനികൾക്ക് വമ്പൻ ഡിസ്കൗണ്ടും റഷ്യ നൽകുന്നുണ്ട്.

ജനുവരിയിൽ പ്രതിദിനം 17 ലക്ഷം ബാരൽ വീതമായിരുന്നു ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി. റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് ട്രംപ് ഉപരോധം പ്രഖ്യാപിച്ചപ്പോൾതന്നെ, ഇന്ത്യ റഷ്യൻ എണ്ണയോട് മുഖംതിരിച്ചു തുടങ്ങിയിരുന്നു. പിന്നീട്, അടുത്തിടെ ഇന്ത്യയുമായി വ്യാപാര ഡീൽ പ്രഖ്യാപിക്കുകയും ഇന്ത്യയ്ക്കുമേലുള്ള പകരംതീരുവ 50ൽ നിന്ന് 18 ശതമാനമായി കുറയ്ക്കുകയും ചെയ്ത ട്രംപ്, ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങരുതെന്ന് നിർദേശിച്ചിരുന്നു.

ഇന്ത്യ തുടർന്നും റഷ്യൻ എണ്ണ വാങ്ങിയാൽ 25% പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്ന് ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ, എവിടെനിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ടെന്നാണ് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്. എങ്കിലും, ഇന്ത്യൻ കമ്പനികൾ ഇപ്പോൾ കൂടുതൽ എണ്ണ വാങ്ങുന്നത് ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിൽ‌ നിന്നാണ്.

ട്രംപ് പറഞ്ഞതുപ്രകാരം വെനസ്വേലൻ എണ്ണയോടും ഇന്ത്യ താൽപ്പര്യം കാട്ടിത്തുടങ്ങിയിട്ടുണ്ട്. ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന് വെനസ്വേലൻ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ലൈസൻ‌സ് അടുത്തിടെ ട്രംപ് ഭരണകൂടം നൽകിയെന്ന് റിപ്പോർ‌ട്ടുകളുണ്ടായിരുന്നു.

യൂറൽസ് ഇനം എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ‌ വാങ്ങിയിരുന്നത്. ഇതിന് ഇപ്പോൾ ബാരലിന് 9 മുതൽ 11 ഡോളർ വരെ ഡിസ്കൗണ്ടിലാണ് റഷ്യ ചൈനയ്ക്ക് വിൽക്കുന്നത്. യുഎസിന്റെയോ യൂറോപ്യൻ യൂണിയന്റെയോ ഉപരോധം ഗൗനിക്കാതെ എണ്ണ വാങ്ങിക്കൂട്ടാൻ എന്നും ശ്രമിച്ചിട്ടുള്ള രാജ്യമാണ് ചൈന.

യുഎസ് ഉപരോധമുള്ള വെനസ്വേല, ഇറാൻ എന്നിവുടെ എണ്ണ ചൈന ഇപ്പോഴും വാങ്ങുന്നുണ്ട്. അതേസമയം, ഇറാന്റെ എണ്ണ ചൈനയിലേക്ക് തുടർന്നും ഒഴുകുന്നതിന് തടയിടാൻ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിൽ യുഎസിൽ നടന്ന ചർച്ചയിൽ ധാരണയായിരുന്നു.

ഇറാനെ സാമ്പത്തികമായി കൂടുതൽ ഞെരുക്കത്തിലാക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. യുഎസ് ഉപരോധമുള്ള എണ്ണയായതിനാൽ ഇറാനിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ നേരത്തേ നിർത്തിയിരുന്നു.

നിലവിൽ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ 80 ശതമാനവും ചൈനയിലേക്കാണ്. ഇതിൽ ചെറിയ കുറവുണ്ടായാൽപോലും ഇറാനെ അത് സാരമായി ബാധിക്കും. നിലവിൽതന്നെ, സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും മൂലം നട്ടംതിരിയുകയാണ് ഇറാൻ.

X
Top