
കൊച്ചി: വ്യോമയാന രംഗത്തെ കുത്തകവല്‍ക്കരണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയുടെ സർവീസുകള്‍ കൂട്ടത്തോടെ മുടങ്ങിയതോടെ വ്യോമയാന രംഗത്തുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് നീക്കം. ഇന്ത്യയില്‍ അഞ്ച് വലിയ വിമാന കമ്പനികള്‍ക്ക് പ്രവർത്തിക്കാവുന്ന സാഹചര്യമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ രാജ്യസഭയില്‍ പറഞ്ഞു. വിപണിയില്‍ മത്സരം വർദ്ധിപ്പിക്കാനും കൂടുതല്‍ വിമാന കമ്പനികളെ സർക്കാർ സഹായത്തോടെ വളർത്തിയെടുക്കാനുമാണ് ശ്രമം. പുതിയ വിമാന കമ്പനികള്‍ ആരംഭിക്കാൻ ഏറ്റവും അനുകൂല സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയർത്തിയപ്പോഴും സർക്കാർ ശക്തമായി ഇടപെട്ടിരുന്നു. ഇൻഡിഗോയ്ക്കെതിരെ അന്വേഷണം ആരംഭിച്ചെന്നും സർവീസുകള്‍ അന്യായമായി റദ്ദാക്കിയതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ വിമാന സർവീസുകള്‍ സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങിയെത്തുകയാണെന്ന് ഇൻഡിഗോ വ്യക്തമാക്കി. വിമാന യാത്ര മുടങ്ങിയ ഉപഭോക്താക്കളുടെ പണം മടക്കി നല്‍കുന്ന നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.
വിമാന സർവീസുകള്‍ വ്യാപാകമായി മുടക്കിയ നടപടി രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്റർഗ്ളോബ് ഏവിയേഷന് ക്രെഡിറ്റ് നെഗറ്റീവാണെന്ന് ആഗോള ഏജൻസിയായ മൂഡീസ് വ്യക്തമാക്കി. വരുമാനത്തിലെ നഷ്‌ടം ഇൻഡിഗോയുടെ ലാഭക്ഷമതയെ ബാധിക്കുമെന്നും അവർ പറയുന്നു.






