
ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ വിൽപന സുഗമമാക്കാൻ ചട്ടങ്ങളിൽ ഇളവ് തേടി കേന്ദ്രസർക്കാർ സെബിയെ സമീപിച്ചു. കൂടുതൽ നിക്ഷേപകരെ ബാങ്ക് വിൽപനയുടെ ഭാഗമാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഐഡിബിഐ ബാങ്കിലെ 60.72 ശതമാനം ഓഹരികളാണ് സർക്കാർ വിൽക്കുന്നത്.
ബാങ്കിലെ 45.48 ശതമാനം ഓഹരികൾ സർക്കാറിന്റെ കൈവശവും 49.24 ശതമാനം ഓഹരി എൽഐസിയുടെ കൈയിലുമാണ്. സെബിയുടെ ചട്ടമനുസരിച്ച് മൂന്ന് വർഷങ്ങൾക്കുള്ളിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 25 ശതമാനം പൊതു ഓഹരി പങ്കാളിത്തം വേണം. പൊതുമേഖല കമ്പനികൾക്ക് മാത്രമാണ് ചട്ടത്തിൽ ഇളവ് നൽകിയിരിക്കുന്നത്.
60 ശതമാനം ഓഹരി വിറ്റാലും എൽഐസിയുടെ 34 ശതമാനം ഓഹരികൾ പൊതു ഓഹരിയായി പരിഗണിക്കാമോയെന്നാണ് കേന്ദ്രസർക്കാർ സെബിയോട് ആരാഞ്ഞിരിക്കുന്നത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെബി ഇത് അനുവദിച്ചാൽ പൊതു ഓഹരി പങ്കാളിത്തമെന്ന വ്യവസ്ഥ പാലിക്കാൻ കേന്ദ്രസർക്കാറിന് സാധിക്കും. 2016ലാണ് ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണവുമായി സർക്കാർ രംഗത്തെത്തുന്നത്.