കേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ‘തിരികെ’ കാംപെയ്നുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍സംസ്ഥാനത്തെ ആദ്യത്തെ സിഗ്നേച്ചർ മാർട് തലശ്ശേരിയിൽആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നു

കസ്റ്റംസ് തീരുവ സ്ലാബ് വെട്ടിക്കുറക്കാൻ കേന്ദ്ര സർക്കാർ

മുംബൈ: കസ്റ്റംസ് തീരുവ സ്ലാബ് വെട്ടിക്കുറക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. നിലവിലുള്ള എട്ട് സ്ലാബുകളിൽനിന്ന് നാലു സ്ലാബുകളായാണ് കുറക്കുക. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ തീരുമാനം പ്രഖ്യാപിക്കും.

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് മേലുള്ള നികുതി ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഒപ്പം, കസ്റ്റംസ് തീരുവ സംബന്ധിച്ച തർക്കങ്ങൾ കുറക്കുകയും വ്യാപാര, വ്യവസായ സൗഹൃദ നികുതി സംവിധാനം നടപ്പാക്കുകയും ലക്ഷ്യമാണ്.

നിലവിൽ ഓരോ വിഭാഗത്തിനും ചുമത്തുന്ന തീരുവ സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. നിർമാണം പൂർത്തിയായ ഉത്പന്നങ്ങളെക്കാൾ കൂടുതൽ തീരുവ അസംസ്കൃത വസ്തുക്കൾക്ക് ചുമത്തുന്നതിൽ മാറ്റം വരുത്തുകയും ചില ഉത്പന്നങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് ഒഴിവാക്കുമെന്നും രഹസ്യ വൃത്തങ്ങൾ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളുമായി തുടരുന്ന വ്യാപാര ചർച്ചകളുടെയും പൂർത്തിയായ കരാറുകളുടെയും പശ്ചാത്തലത്തിലാണ് കസ്റ്റംസ് തീരുവയുടെ സ്ലാബ് ചുരുക്കുന്നത്. രണ്ട് വർഷമായി കസ്റ്റംസ് തീരുവ ഇളവുകൾ കുറക്കാനും സ്ലാബ് ചുരുക്കാനുമുള്ള പദ്ധതി തയാറാക്കുകയായിരുന്നു സർക്കാർ.

കഴിഞ്ഞ ബജറ്റിൽ കസ്റ്റംസ് തീരുവ ഘടനയിൽ കാര്യമായ മാറ്റം വരുത്തിയിരുന്നെന്നും സ്ലാബ് അഞ്ചോ ആറോ ആയി ചുരുക്കാൻ ഇനിയും അവസരങ്ങളുണ്ടെന്നും മുതിർന്ന സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നാലു മാസമായി ഇതിനുള്ള തയാറെടുപ്പിലായിരുന്നെന്നും ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാര, വ്യവസായ മേഖല ചൂണ്ടിക്കാണിച്ച പോരായ്മകൾകൂടി പരിഗണിച്ചാണ് കസ്റ്റംസ് തീരുവയുടെ ഘടനയിൽ മാറ്റം വരുത്തുന്നത്. ഗുഡ്സ് ആൻഡ് സർവിസസ് ടാക്സിൽ (ജി.എസ്.ടി) വരുത്തിയ മാറ്റങ്ങൾക്ക് സമാനമായി കസ്റ്റംസ് തീരുവ ഘടനയും ഉടച്ചുവാർക്കാനാണ് കേന്ദ്ര കസ്റ്റംസ്, പരോക്ഷ നികുതി ബോർഡിന്റെ ലക്ഷ്യം.

പാർലമെന്ററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 2024 ഡിസംബറിൽ വരെ 75,592 കസ്റ്റംസ് കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. കേസ് തീർപ്പാക്കാത്തതു കാരണം 24000 കോടിയിലേറെ രൂപയാണ് സർക്കാറിന് ലഭിക്കാനുള്ളത്.

X
Top