എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

ക്ഷേമപെൻഷനിലെ വിഹിതം സ്വന്തം അക്കൗണ്ടിലാക്കി കേന്ദ്രം

തിരുവനന്തപുരം: ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതത്തിന് കേന്ദ്ര സർക്കാർ പ്രത്യേക അക്കൗണ്ട് ഏർപ്പെടുത്തിയതോടെ വിതരണത്തിൽ സാങ്കേതികതടസ്സം.

കഴിഞ്ഞദിവസം രണ്ടുമാസത്തെ പെൻഷൻ വിതരണംചെയ്തുതുടങ്ങിയെങ്കിലും കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ ഒട്ടേറെപ്പേർക്ക് പെൻഷൻ ഭാഗികമായേ കിട്ടിയുള്ളൂ. പ്രത്യേക അക്കൗണ്ടിലേക്ക്‌ മാറുന്നതോടെ കേന്ദ്രം അവരുടെ വിഹിതം നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുന്നതിന് സമാനമാവും.

എന്നാൽ, കേന്ദ്രവിഹിതം സംസ്ഥാനമാണ് മുൻകൂറായി നൽകിക്കൊണ്ടിരിക്കുന്നത്. ഇത് പിന്നീട് കേന്ദ്രം തിരിച്ചുനൽകും. കേന്ദ്രവിഹിതംകൂടി ചേർത്ത് സാമൂഹിക സുരക്ഷാപെൻഷൻ കമ്പനി ബാങ്കിൽ നിക്ഷേപിക്കുന്ന തുകയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ 2021 മുതൽ 480 കോടി രൂപ കേന്ദ്രം കേരളത്തിന് നൽകാനുണ്ട്.

57 ലക്ഷത്തോളം പേർക്ക് സംസ്ഥാനസർക്കാർ പെൻഷൻ നൽകുമ്പോൾ അതിൽ കേന്ദ്രവിഹിതം ലഭിക്കുന്നവർ 5.7 ലക്ഷം പേർക്ക് മാത്രമാണ്. വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പെൻഷനിലാണ് 200 മുതൽ 500 രൂപവരെ കേന്ദ്രവിഹിതം ലഭിക്കുന്നത്.

എന്നാൽ, ഇവയുൾപ്പെടെ എല്ലാ വിഭാഗത്തിലും സംസ്ഥാനവിഹിതംകൂടി ചേർത്ത് കേരളത്തിൽ 1600 രൂപയാണ് പെൻഷൻ. സംസ്ഥാനം മാസം 750 കോടി രൂപ പെൻഷനായി ചെലവിടുമ്പോൾ കേന്ദ്രവിഹിതം ഏകദേശം 33 കോടി രൂപ മാത്രമാണ്.

കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ നേരിട്ട് നൽകുന്നത് പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം (പി.എഫ്.എം.എസ്.) എന്ന ഓൺലൈൻ സംവിധാനം വഴിയാണ്. സുരക്ഷാപെൻഷനിലെ കേന്ദ്രവിഹിതവും ഇതുവഴി വിതരണം ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഇല്ലെങ്കിൽ പണം നൽകില്ലെന്നും അറിയിച്ചു. ഇത്തവണയാണ് ഇത് കേരളത്തിൽ നടപ്പാക്കിയത്. കേന്ദ്രവിഹിതം ഒരു അക്കൗണ്ടിലും സംസ്ഥാനവിഹിതം മറ്റൊരു അക്കൗണ്ടിലും നിക്ഷേപിക്കും. രണ്ടും ഒരുമിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തും.

സംസ്ഥാനം രണ്ടുമാസത്തെ കേന്ദ്രവിഹിതത്തിനായി 67 കോടി രൂപ പി.എഫ്.എം.എസി.ലേക്ക്‌ കൈമാറി. ഇക്കാര്യം പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, രണ്ട് അക്കൗണ്ടുകളും തമ്മിലുള്ള സംയോജനത്തിന് സാങ്കേതിക തടസ്സമുണ്ടായതാണ് പ്രശ്‌നമായത്. അതിനാൽ സംസ്ഥാനവിഹിതം മാത്രമാണ് കഴിഞ്ഞദിവസങ്ങളിൽ ഗുണഭോക്താക്കൾക്ക് ലഭിച്ചത്.

പരിഹരിക്കാൻ ഡൽഹിയിലെയും കേരളത്തിലെയും പി.എഫ്.എം.എസ്. ഉദ്യോഗസ്ഥർ പരിശ്രമിക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ ഇത് പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തവണ മുതൽ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ഒരുമിച്ചു ലഭിക്കുമെന്നും ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

പ്രശ്നം പരിശോധിച്ച് വിതരണം ഏകീകരിക്കാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

X
Top